പൊതുമേഖലാസ്ഥാപനങ്ങളിൽ സ്ഥിരപ്പെടുത്തൽ: ഇടപെടാതെ ഹൈക്കോടതി
കൊച്ചി: കെൽട്രോണും സി-ഡിറ്റും ഉൾപ്പെടെ സംസ്ഥാനത്തെ 10 പൊതുമേഖല/സ്വയംഭരണ സ്ഥാപനങ്ങളിലായി 543 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിൽ ഇടപെടാതെ ഹൈക്കോടതി.പത്തു വർഷത്തിലധികം തുടർച്ചയായി ജോലി ചെയ്തവരെ 2021ൽ സർക്കാർ അനുമതിയോടെ സ്ഥിരപ്പെടുത്തിയ നടപടിയാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് അനുവദിച്ചത്.ഒറ്റത്തവണത്തേക്കാണ് ഉത്തരവെന്നും ഇതിന്റെ പേരിൽ ഇത്തരം സ്ഥിരപ്പെടുത്തൽ കീഴ്‌വഴക്കമാക്കരുതെന്നും കോടതി വ്യക്തമാക്കി.സ്ഥിരപ്പെടുത്തൽ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരടക്കം നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
മനുഷ്യത്വപരമായ സമീപനമെന്ന് പറഞ്ഞാണ് സ്ഥാപനങ്ങൾ താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയതെന്നും എന്നാൽ രാഷ്ട്രീയ സ്വാധീനമാണ് ഇതിന് പിന്നിലെന്നും ഹർജിക്കാർ വാദിച്ചു.സ്ഥിരപ്പെട്ടവർ പത്ത് വർഷത്തിലേറെ തുടർച്ചയായി സേവനം ചെയ്തവരും യോഗ്യതയുള്ളവരുമാണെന്ന് കോടതി വിലയിരുത്തി.ഇവർ സേവനം അവസാനിപ്പിക്കുന്നതോടെ ബന്ധപ്പെട്ട തസ്തികകൾ ഇല്ലാതാകുമെന്ന സ്ഥാപനങ്ങളുടെ വിശദീകരണം കോടതി രേഖപ്പെടുത്തി.ഭാവിയിൽ പൊതു നിയമനങ്ങൾ 'ഉമാദേവി" കേസ് വിധിയും ഭരണഘടന ഉറപ്പാക്കുന്ന തുല്യാവസരവും പാലിച്ചുവേണമെന്നും മത്സരപ്പരീക്ഷകൾ മുഖേന മാത്രമേ നിയമനം നടത്താവൂ എന്നും നിർദ്ദേശം നൽകി.
സ്ഥാപനങ്ങളും സ്ഥിരപ്പെട്ടവരും
കെൽട്രോൺ: 296
സി-ഡിറ്റ്: 114
സ്കോൾ കേരള: 54
ഹോർട്ടികോർപ്: 36
കെ.എസ്.ആർ.ഇ.സി: 11
കില: 10
കയർ റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട്: 10
ഇൻഡസ്ട്രിയൽ
പ്രമോഷൻ ബ്യൂറോ: 6
വനിതാ കമ്മിഷൻ: 3
ഫോറസ്റ്റ് ഇൻസ്ട്രീസ്: 3