മസ്തിഷ്‌കജ്വരം: അമീബയെ കണ്ടെത്താൻ ജലപരിശോധന

Friday 14 November 2025 10:27 AM IST

 കോഴിക്കോട്ടെ സ്ഥാപനത്തിന് അനുമതി

കോഴിക്കോട്: മസ്തിഷ്ക ജ്വരത്തിനു കാരണമാവുന്ന അമീബയെ ജലപരിശോധന വഴി കണ്ടെത്താൻ കോഴിക്കോട്ടെ സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റിന് (സി.ഡബ്ല്യു.ആർ.ഡി.എം) സർക്കാർ അനുമതി. പൊതുമേഖലാ സ്ഥാപനമാണിത്.

പരിശോധന എങ്ങനെ നടത്തണമെന്നതുൾപ്പെടെ പ്രോട്ടോക്കോൾ സർക്കാരാണ് തീരുമാനിക്കേണ്ടത്. ഇതിനായി ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിനും അഡീഷണൽ ചീഫ് സെക്രട്ടറിക്കും കത്തയച്ചിട്ടുണ്ട്. പ്രോട്ടോക്കോൾ വരുന്ന മുറയ്ക്ക് ജലപരിശോധന തുടങ്ങും.

ആദ്യഘട്ടത്തിൽ,​ ജലസ്രോതസ്സുകളിൽ അമീബയെ കണ്ടെത്താനാകും പരിശോധന. തുടർന്ന് പൊതുജനങ്ങളിൽ നിന്ന് ജലസാംപിൾ സ്വീകരിച്ച് പരിശോധിക്കും. ജല സാംപിളുകൾ റിസർച്ചിനും ഉപയോഗിക്കും. റിയൽ ടൈം പി.സി.ആർ ഉപകരണമാണ് പരിശോധനയ്ക്ക് ഉപയോഗിക്കുന്നത്. നിലവിൽ തിരുവനന്തപുരത്തെ പബ്ലിക് ഹെൽത്ത്‌ ലബോറട്ടറിയിൽ മാത്രമാണ് ഇത്തരം പരിശോധനയുള്ളത്.

അമീബയെ പ്രതിരോധിക്കാൻ ഈ പരിശോധന ഉപയോഗപ്രദമാകുമെന്ന് കരുതുന്നു. കണ്ടെത്തിക്കഴിഞ്ഞാൽ, ക്ലോറിനേഷൻ വഴി അമീബയെ ഒരുപരിധിവരെ നശിപ്പിക്കാനാകും

മനോജ് സാമുവൽ ,

എക്സിക്യൂട്ടീവ് ഡയറക്ടർ,

സി.ഡബ്ല്യു.ആർ.ഡി.എം