43 ജീവനുകളെടുത്ത് ഉയരപ്പാത നിർമ്മാണം

Friday 14 November 2025 10:32 AM IST

ആലപ്പുഴ: 90 ടൺ ഭാരമുള്ള ഗർഡർ പതിച്ച് മരിച്ച രാജേഷ് (48) ഉൾപ്പടെ കഴിഞ്ഞ രണ്ട് വർഷത്തിനിടെ അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ പൊലിഞ്ഞത് 43 മനുഷ്യജീവനുകൾ. വാഹനാപകടങ്ങളിൽ മാത്രം 38 പേരാണ് മരിച്ചത്. നിർമ്മാണ ജോലിക്കിടെ 3 തൊഴിലാളികൾ മരിച്ചു.

ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെ ഗതാഗതക്കുരുക്കിൽപ്പെട്ട് രണ്ട് രോഗികൾ മരിച്ചു. നിർമ്മാണ സാമഗ്രികളും കോൺക്രീറ്റ് കട്ടകളും വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും മേൽ വീഴുന്നതും ഇവിടെ നിത്യസംഭവമാണ്.

ഒക്ടോബർ 22ന് ഡയാലിസിസിനായി കാറിൽ ആശുപത്രിയിലേക്ക് പോകുമ്പോൾ അരൂർ അമ്പലം ജംഗ്ഷന് സമീപം മണിക്കൂറുകളോളം കുരുക്കിൽപ്പെട്ട് എഴുപുന്ന സ്വദേശി പി.പി.ദിലീപ് (42) മരിച്ചിരുന്നു. കഴിഞ്ഞ ആഗസ്റ്റിൽ 50 ടൺ ഭാരമുള്ള ‘സ്‌കൈ ബീം’ ( ഇരുമ്പ് പാളി) ക്രെയിനിൽ നിന്ന് റോഡിലേക്ക് പതിച്ചെങ്കിലും ആസമയത്ത് വാഹനമോ ആൾക്കാരോ ഇല്ലായിരുന്നത് വൻ ദുരന്തം ഒഴിവാക്കി. ക്രെയിനിന്റെ സഹായത്തോടെ താഴെയിറക്കുമ്പോൾ കൊളുത്തുതെറ്റി സ്‌കൈ ബീം റോഡിന് കുറുകെ വീഴുകയായിരുന്നു.