നഷ്ടപരിഹാരം നൽകാൻ വിലപേശി കമ്പനി
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലായിരുന്നു രാജേഷിന്റെ പോസ്റ്റുമോർട്ടം. അർഹിക്കുന്ന നഷ്ടപരിഹാരം കിട്ടാതെ മൃതദേഹം ഏറ്റുവാങ്ങാൻ സഹോദരൻ രതീഷും സുഹൃത്തുക്കളും വിസമ്മതിച്ചു. തുടർന്ന് കരാറുകാരായ അശോക ബിൽഡ്‌കോണുമായ ചർച്ച നടത്തി. രണ്ട് ലക്ഷം രൂപ നൽകാമെന്ന് കമ്പനി ആദ്യം അറിയിച്ചെങ്കിലും ബന്ധുക്കൾ വഴങ്ങിയില്ല. നഷ്ടപരിഹാരം 10 ലക്ഷമാക്കിയെങ്കിലും അംഗീകരിച്ചില്ല. ചേർത്തല തഹസിൽദാർ ഉൾപ്പെടെ ഇടപെട്ടപ്പോഴാണ് തുക 25 ലക്ഷമാക്കിയത്. ചെക്ക് ഇന്നുതന്നെ കൈമാറുമെന്ന ഉറപ്പ് ലഭിച്ച ശേഷമാണ് മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയ്യാറായത്.
കമ്പനിക്കെതിരെ നടപടി:
ദേശീയപാത അതോറിട്ടി
ഗർഡറുകൾ തകർന്ന് രാജേഷ് മരിച്ച സംഭവത്തിൽ ഉചിതമായ നടപടിയുണ്ടാകുമെന്ന് ദേശീയപാത അതോറിട്ടി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. വിശദമായ അന്വേഷണത്തിന് വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. പ്രാഥമികപരിശോധനാറിപ്പോർട്ട് ലഭിച്ചശേഷം കരാർ കമ്പനിക്കെതിരെ നടപടി സ്വീകരിക്കും. പ്രദേശത്തെ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. രാജേഷിന്റെ കുടുംബാംഗങ്ങളോട് ഖേദവും പ്രകടിപ്പിച്ചു.