കുടുംബത്തിനായി നെട്ടോട്ടം; അകാലത്തിൽ മടക്കം
ആലപ്പുഴ : കുടുംബം പോറ്റാൻ രാപകൽ അദ്ധ്വാനിച്ചിരുന്ന രാജേഷിന്റെ അപ്രതീക്ഷിത വിയോഗം ഉറ്റവർക്ക് കടുത്ത ഷോക്കായി. പള്ളിപ്പാട് സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിച്ചിരുന്ന രാജേഷിന് വരുമാനം തിരിച്ചടവുകൾക്കും മകളുടെ പ്രമേഹ ചികിത്സയ്ക്കും തികയില്ലായിരുന്നു. കെട്ടിട നിർമ്മാണ ജോലികൾക്കും വാഹനങ്ങളിൽ ലോഡെടുക്കാനും പോയി. അത്തരമൊരു യാത്രയാണ് ഇന്നലെ രാജേഷിന്റെ ജീവൻ കവർന്നത്.
ചൊവ്വാഴ്ച്ച രാവിലെ 11നാണ് മുട്ട ലോഡെടുക്കാനായി യാത്ര പറഞ്ഞ് തമിഴ്നാട്ടിലേക്ക് പോയതെന്ന് രാജേഷിന്റെ അച്ഛൻ രാജപ്പൻ പറഞ്ഞു. അന്ന് രാത്രി പത്തരയോടെ തമിഴ്നാട്ടിലെത്തി. രാത്രിയായതിനാൽ ലോഡെടുക്കാനായില്ല. ബുധനാഴ്ച്ച ലോഡ് കയറ്റി വരുന്നതിനിടെ വൈകിട്ട് 5.30ന് വിളിച്ചപ്പോൾ പൊള്ളാച്ചിയെത്തിയെന്ന് പറഞ്ഞിരുന്നു. പക്ഷേ നേരം പുലരും മുമ്പേ കുടുംബം കേട്ടത് മരണവാർത്തയായിരുന്നു.
15 വർഷം മുമ്പാണ് വീടെന്ന സ്വപ്നം പൂവണിഞ്ഞത്. വീടിന്റെയും ഓട്ടോറിക്ഷ വാങ്ങിയതിന്റെയും വായ്പ 25 ലക്ഷത്തോളമുണ്ട്. പ്ലസ് വൺ വിദ്യാർത്ഥിയായ മകൾ കൃഷ്ണവേണിക്ക് പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് മാസംതോറും നല്ലൊരു തുക വേണം. രാജേഷില്ലാതെ ഇനി എങ്ങനെ മുന്നോട്ട് പോകുമെന്നറിയാതെ പകച്ചുനിൽക്കുകയാണ് കുടുംബം.
മകൻ എസ്.ഐയായി
കാണാൻ ആഗ്രഹിച്ചു
മകൻ ജിഷ്ണുരാജ് എസ്.ഐ ആകണമെന്നത് രാജേഷിന്റെ വലിയ സ്വപ്നമായിരുന്നു. കായംകുളം എം.എസ്.എം കോളേജിൽ ഇംഗ്ലീഷ് ലിറ്ററേച്ചർ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയാണ് 20കാരനായ ജിഷ്ണു. ഫുട്ബാൾ കളിക്കാരനായ ജിഷ്ണുവിനോട് ഉയർന്നപദവി ലക്ഷ്യം വച്ച് മുന്നേറണമെന്ന ഉപദേശമായിരുന്നു അച്ഛൻ നൽകിയിരുന്നത്. ഡിഗ്രി മൂന്നാം വർഷമാകുമ്പോൾ എസ്.ഐ ടെസ്റ്റിനുള്ള പരിശീലനം ആരംഭിക്കണമെന്നും മകനോട് പറഞ്ഞിരുന്നു. അച്ഛന്റെ ആഗ്രഹം നിറവേറ്രുമെന്ന് കണ്ണീരോടെ ജിഷ്ണു പറഞ്ഞു.