ആഗ്രഹം പാകിസ്ഥാനിൽ പോകാൻ, ഒരുപാട് സുഹൃത്തുക്കളുണ്ട്; ഇന്ത്യൻ എംബസി പാസ്‌പോർട്ട് മരവിപ്പിക്കുമെന്ന് പറഞ്ഞതിനെക്കുറിച്ച് അരുണിമ

Friday 14 November 2025 11:27 AM IST

പാകിസ്ഥാനിൽ പോയി എക്സ്‌പ്ലോർ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് ട്രാവൽ വ്‌ളോഗർ അരുണിമ ബാക്ക്‌പാക്കർ. പാകിസ്ഥാനിൽ കുറേ സുഹൃത്തുക്കളുണ്ടെന്നും അവർ ഇന്ത്യക്കാരെ വെറുക്കുന്നില്ലെന്നും അരുണിമ വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

''അടുത്തിടെ ഞാൻ വന്നപ്പോൾ യെമനിൽ പോയിട്ടുണ്ടോ, സിറിയയിൽ പോയിട്ടുണ്ടോ, ലിബിയയിൽ പോയിട്ടുണ്ടോയെന്നൊക്കെ ഇന്ത്യൻ എംബസിയിൽ നിന്ന് ചോദിച്ചിരുന്നു. അങ്ങനെയാണെങ്കിൽ പാസ്‌പോർട്ട് മരവിപ്പിക്കുമെന്ന് പറഞ്ഞു. എന്തായാലും ഞാൻ പോകും പക്ഷേ എല്ലാ രാജ്യത്തും പോയിക്കഴിഞ്ഞിട്ട് പോകാമെന്ന് കരുതി.

പാകിസ്ഥാനിൽ പോകാനാണ് ഏറ്റവും കൂടുതൽ ആഗ്രഹം. ഇന്ത്യയിൽ നിന്ന് ഡയറക്ട് വിസ കിട്ടാൻ പാടാണ്. എല്ലാ രാജ്യങ്ങളിലും പോകണം. പക്ഷേ പാകിസ്ഥാൻ ഒരു സ്വപ്നമായി കിടക്കുകയാണ്. യാത്രകൾ ചെയ്തുതുടങ്ങിയപ്പോൾ ഒരുപാട് പാകിസ്ഥാനി സുഹൃത്തുക്കളെ കിട്ടി. ഒരുപാട് നല്ല ആളുകളെയാണ് ഞാൻ കണ്ടത്. ഇന്ത്യക്കാരാണെന്ന് കരുതി അവർ നമ്മളെ വെറുക്കുന്നില്ല. എന്താണെന്നറിയില്ല, ഭയങ്കര ആഗ്രഹമാണ് പാകിസ്ഥാനിൽ പോകണമെന്ന്.'- അരുണിമ വ്യക്തമാക്കി.

നമീബയിൽ പോയപ്പോഴുള്ള അനുഭവവും അവർ പങ്കുവച്ചു. 'അവർ ലൈഫിൽ ഒരിക്കലും കുളിക്കില്ല. അവർ ചുവന്ന കളറിലുള്ളൊരു സാധനം ശരീരത്തിൽ തേച്ചാണ് ഹൈജീനാകുന്നത്. അത് അവരെ തണുപ്പിൽ നിന്നും ചൂടിൽ നിന്നും സംരക്ഷിക്കുന്നു. വജൈനയുടെ ഏരിയയിൽ മാത്രം കവർ ചെയ്ത് ഏതോ മൃഗത്തിന്റെ തൊലിയിടും. അതും വെള്ളത്തിൽ അലക്കില്ല. എന്തോ സാധനമിട്ട് പുകയിടും. അതിനുമുകളിൽ ആ തൊലി വയ്ക്കുകയാണ് ചെയ്യുക. ആർത്തവത്തിന്റെ സമയത്തൊന്നും അവർ വെള്ളം ഉപയോഗിക്കില്ല. അതൊക്കെ എനിക്ക് ചിന്തിക്കാനേ പറ്റുന്നുണ്ടായിരുന്നില്ല. ഏതോ ലോകത്ത് പോയ അനുഭവമായിരുന്നു. പണ്ടത്തെ രീതി വിട്ട് പുറത്തുപോകാൻ അവർ താത്പര്യപ്പെടുന്നില്ല. വാഷ്റൂമിൽ പോയാൽ ഇലയാണ് ഉപയോഗിക്കുന്നത്. കുടിക്കാനും കുക്ക് ചെയ്യാനും വളരെ കുറച്ച് വെള്ളം ദൂരെനിന്ന് എടുത്തുകൊണ്ടുവന്നിട്ടാണ് അവർ ഉപയോഗിക്കുന്നത്.'- അരുണിമ പറഞ്ഞു.