ഒന്നാം ഇന്നിംഗ്സിൽ അടിതെറ്റി ദക്ഷിണാഫ്രിക്ക; അഞ്ച് വിക്കറ്റ് നഷ്ടം, തിളങ്ങി ബുംറയും കുൽദീപും
കൊൽക്കത്ത: ഇന്ത്യയും ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തിലെ ഒന്നാം ഇന്നിംഗ്സിൽ അടിതെറ്റി ദക്ഷിണാഫ്രിക്ക. 36 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് എന്ന നിലയിലാണ് നിലവിലെ ടീമിന്റെ സ്കോർ.
ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മാർക്രവും 31 (48) റയാൻ റിക്കൽട്ടണും 23 (22) ചേർന്ന് 57 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിന് മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് വിക്കറ്റുകൾ നഷ്ടമാവുകയായിരുന്നു. ഇന്ത്യക്കായി ജസ്പ്രീത് ബുംറയാണ് ആദ്യ വിക്കറ്റ് വീഴ്ത്തിയത്. മികച്ച ഫോമിലായിരുന്ന റിക്കൽട്ടണെ ബുംറ ക്ലീൻ ബൗൾഡാക്കി കൂടാരത്തിലേക്ക് അയച്ചു.
പിന്നാലെ മാർക്രമിനെയും ടോണി ഡി സോർസിനെയും 22 (47) പുറത്താക്കി ബുംറ ഇന്ത്യക്ക് മുൻതൂക്കം നൽകി. 11 പന്തുകൾ നേരിട്ട ക്യാപ്ടൻ ടെംബ ബാവുമയുടെയും 51 പന്തിൽ 24 റൺസെടുത്ത വിയാൻ മുൾഡറിനെയും മടക്കി കുൽദീപ് യാദവും വിക്കറ്റ് വേട്ടയിൽ പങ്കാളിയായി. മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്ടൻ ടെംബ ബാവുമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരം നടക്കുന്നത് . ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈഡൻ ടെസ്റ്റ് ക്രിക്കറ്റിന് വേദിയാകുന്നത്.
ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, വാഷിംഗ്ടൺ സുന്ദർ, ശുഭ്മാൻ ഗിൽ (ക്യാപ്ടൻ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവൻ : എയ്ഡൻ മാർക്രം, റയാൻ റിക്കൽട്ടൺ, വിയാൻ മൾഡർ, ടെംബ ബാവുമ (ക്യാപ്ടൻ), ടോണി ഡി സോർസി, ട്രിസ്റ്റൻ സ്റ്റബ്സ്, കൈൽ വെറെയ്‌നെ, സൈമൺ ഹാർമർ, മാർക്കോ ജാൻസൺ, കോർബിൻ ബോഷ്, കേശവ് മഹാരാജ്.