സർക്കാർ ജോലി ഉപേക്ഷിച്ച് ബൈക്ക് മെക്കാനിക്കായി; മാസം ലക്ഷങ്ങൾ വരുമാനം
കോട്ടയം: സർക്കാർ ജോലി എല്ലാവരും സ്വപ്നമായി കാണുമ്പോൾ അതുപേക്ഷിച്ച് ബൈക്ക് മെക്കാനിക്കായ വിജയകഥയാണ് എസ്. സുദർശന്റേത്. വീട്ടിലെ കാർഷെഡിലാണ് തുടക്കം. ഇന്ന് 17 ലക്ഷം രൂപ പ്രതിമാസം ടേൺ ഓവറുള്ള വർക്ക്ഷോപ്പിന്റെ ഉടമയാണ് നാട്ടകം ഉണ്ണിത്തറയിലെ പരേതനായ സാരഥി ഭായിയുടെ മകൻ സുദർശൻ.
ഒരു റാംപും, രണ്ടു ജീവനക്കാരുമായ ആരംഭിച്ച വർക്‌ഷോപ്പിൽ ഇപ്പോൾ ഒൻപത് റാംപും 10 മെക്കാനിക്കുകളും ഉൾപ്പെടെ 15 ജീവനക്കാരുമുണ്ട്. ന്യൂജൻ ഹൃദയം കീഴടക്കിയ ഡ്യൂകിന്റെ വർക്‌ഷോപ്പാണിത്.
പത്തൊൻപതാം വയസിലാണ് കോട്ടയം ട്രാവൻകൂർ സിമന്റ്‌സിൽ ഇലക്ട്രീഷ്യനായി ജോലി ലഭിച്ചത്. ബൈക്കുകളോട് അഭിനവേശവും മെക്കാനിക് ആകാനുള്ള മോഹവും കൗമാരത്തിലേ ഉണ്ടായിരുന്ന സുദർശന് ആ ജോലിയിൽ തൃപ്തനാവനായില്ല. ജോലികഴിഞ്ഞ് വൈകുന്നേരങ്ങളിൽ ഡ്യൂക് ഷോറൂമിൽ പോയി മെക്കാനിസം പഠിച്ചു. ഒരുവർഷത്തിനുള്ളിൽ ജോലി ഉപക്ഷിച്ച് 'സ്റ്റോക്കേഴ്സ് ഗ്യാരേജ്' തുടങ്ങി.
അമ്മ വിലക്കി, പിന്നെ ഒപ്പം നിന്നു
വൈറ്റ് കോളർ ജോലി ഉപേക്ഷിച്ച് ഗ്രീസും സ്പാനറുമായി ബൈക്ക് മെക്കാനിക്കാവാൻ ഇറങ്ങിയ മകനെ അമ്മ സുധയും ബന്ധുക്കളും ആദ്യം വിലക്കിയെങ്കിലും കഴിവും താത്പര്യവും തിരിച്ചറിഞ്ഞതോടെ എല്ലാവരും ഒപ്പം നിന്നു. 2023ൽ ജോലി രാജി വച്ചശേഷമായിരുന്നു വിവാഹം. ഭാര്യ അക്ഷര എല്ലാത്തിനും ഒപ്പമുണ്ട്. ദിവസേന 20ലധികം ബൈക്കുകൾ വർക്‌ഷോപ്പിൽ എത്തും. ഇടുക്കി, തൃശൂർ എന്നിവിടങ്ങളിൽ ശാഖകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. ''ഇഷ്ടമുള്ളത് ചെയ്യാനുള്ള മനക്കരുത്തുണ്ടെങ്കിൽ വിജയം ഉറപ്പാണ് - സുദർശൻ.