ബുംറയുടെ തീപ്പൊരി ബൗളിംഗ്; ദക്ഷിണാഫ്രിക്ക 159ന് ഓൾ ഔട്ട്!
കൊൽക്കത്ത: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 159 റൺസിന് ഓൾഔട്ടാക്കി ഇന്ത്യ. അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. കുൽദീപ് യാദവും മുഹമ്മദ് സിറാജും രണ്ടു വിക്കറ്റുകൾ വീതം എടുത്തു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കം കാഴ്ചവച്ചെങ്കിലും ഒരു ഘട്ടമെത്തിയപ്പോൾ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ ദക്ഷിണാഫ്രിക്കയ്ക്ക് പിടിച്ച് നിൽക്കാനായില്ല.
ആദ്യ സെഷനിൽ ബുംറയുടെ പന്തുകളിലാണ് ദക്ഷിണാഫ്രിക്കൻ ഓപ്പണർമാരെ വീഴ്ത്തിയത്. റയാൻ റിക്കൽട്ടൺ, ഐഡൻ മാർക്രം എന്നിവരെ പുറത്താക്കി ബുംറ ഞെട്ടിച്ചു. കുൽദീപ് യാദവും ഒരു വിക്കറ്റ് നേടി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ദക്ഷിണാഫ്രിക്ക 105/3 എന്ന നിലയിലായിരുന്നു.
രണ്ടാമത്തെ സെഷന് ശേഷം ബുംറയും കുൽദീപും ഓരോ വിക്കറ്റുകൾ കൂടി വീഴ്ത്തി. ക്യാപ്ടൻ ടെംബ ബാവുമയെ (കുൽദീപിന്റെ പന്തിൽ ധ്രുവ് ജുറേലിന്റെ ക്യാച്ച്) പുറത്താക്കിയത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. അവസാന സെഷനായപ്പോഴേക്കും മുഹമ്മദ് സിറാജിന്റെ ഇരട്ട പ്രഹരവും അക്സർ പട്ടേലിന്റെ ഒരു വിക്കറ്റും ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്‌സിന്റെ നടുവൊടിച്ചു. ഒടുവിൽ, ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റുകൾ കൂടി നേടി അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി ഇന്നിംഗ്‌സിന് തിരശ്ശീലയിട്ടു.
അതേസമയം മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്കായി ഓപ്പണർമാരായ കെഎൽ രാഹുലും യശസ്വി ജയ്‌സ്വാളുമാണ് നിലവിൽ ക്രീസിലുള്ളത്. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഋഷഭ് പന്ത് ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയതും ടീമിന് കരുത്തേകുന്നുണ്ട്. കഴിഞ്ഞ മാസം വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ യുവനിര.