'നമ്മൾ   ഒരുപക്ഷേ   പോരാട്ടത്തിൽ   തോറ്റിരിക്കാം, എന്നാൽ  യുദ്ധത്തിലല്ല'; ബീഹാർ തോൽവിയിൽ കുറിപ്പുമായി സന്ദീപ് വാര്യർ  

Friday 14 November 2025 5:08 PM IST

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയ തോൽവി ഉറപ്പാക്കിയതോടെ ഫേസ്ബുക്ക് കുറിപ്പുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. നമ്മൾ ഒരുപക്ഷേ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല എന്നാണ് അദ്ദേഹം കുറിച്ചത്. നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ താൽക്കാലിക തിരിച്ചടി ഉണ്ടായിരിക്കാം.. എന്നാൽ ലക്ഷ്യം കാണുന്നതുവരെ കോൺഗ്രസിന്റെ പോരാട്ടം തുടരും. അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കും. ഇന്ത്യക്കായിരിക്കും എന്ന പ്രതീക്ഷയും അദ്ദേഹം പോസ്റ്റിൽ പങ്കുവയ്ക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

We might have lost the battle but not the war.. നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ താൽക്കാലിക തിരിച്ചടി ഉണ്ടായിരിക്കാം.. എന്നാൽ ലക്ഷ്യം കാണുന്നതുവരെ കോൺഗ്രസിന്റെ പോരാട്ടം തുടരും. അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കും. ഇന്ത്യക്കായിരിക്കും.

ബീഹാറിൽ എൻഡിഎയുടെ തേരോട്ടമാണ് . ഇരുനൂറിലധികം സീറ്റുകളിൽ എൻഡിഎ വിജയം ഉറപ്പിച്ചു. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോവ ഇന്ത്യ സഖ്യത്തിന് വെറും മുപ്പത്തുസീറ്റുകളിൽ മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്. ഇതിൽ കോൺഗ്രസിന് ലഭിച്ചത് അഞ്ചുസീറ്റുകളും. വോട്ടുചോരി വിവാദവും, തീവ്ര വോട്ടർപട്ടിക പരിഷ്കരണവും മുഖ്യ പ്രചാരണവിഷയമാക്കിയെങ്കിലും അതെല്ലാം ജനങ്ങൾ തള്ളിക്കളയുകയായിരുന്നു. കോൺഗ്രസിലെ സംസ്ഥാനത്തെ പല പ്രധാന നേതാക്കളും തോറ്റമ്പി.

പ്രതിപക്ഷ പാർട്ടികൾക്കുണ്ടായ കൂട്ട തകർച്ച ഇടത് പാർട്ടികളെയും ബാധിച്ചിട്ടുണ്ട്. ഇടതിന്റെ സീറ്റുകളിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഇന്ത്യ മുന്നണിയ്‌ക്ക് ഈ വമ്പൻ തോൽവി മറികടക്കുക എന്നത് വരുംനാളുകളിൽ വളരെ ശ്രമകരമായ കാര്യമാകും.