'പാർട്ടി അംഗത്വം പോലുമില്ലാത്തയാൾക്ക് സീറ്റ് നൽകി'; കൊച്ചി ഡെപ്യൂട്ടി മേയർ സിപിഐ വിട്ടു

Friday 14 November 2025 5:45 PM IST

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി അറിയിച്ച് കൊച്ചി ഡെപ്യൂട്ടി മേയർ പാർട്ടി വിട്ടു. ഡെപ്യൂട്ടി മേയര്‍ കെ എ അൻസിയയാണ് സിപിഐയിൽ നിന്ന് രാജിവച്ചത്. സിപിഐ മട്ടാഞ്ചേരി അഞ്ചാം ഡിവിഷൻ കൗൺസിലറാണ് അൻസിയ. അനര്‍ഹര്‍ക്ക് സീറ്റ് നൽകിയെന്ന് ആരോപിച്ചായിരുന്നു അൻസിയയുടെ രാജി.

രാജിവച്ചെങ്കിലും ഇടതുപക്ഷത്തിനൊപ്പം തുടരുമെന്ന് അൻസിയ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. 'ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ മേയര്‍ക്കൊപ്പം നിന്നു. ലീഗിന്റെ കോട്ടയിൽ നിന്നാണ് ജയിച്ചുവന്നത്. പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അതെല്ലാം പാർട്ടിയോട് പറഞ്ഞിരുന്നു. എന്നാൽ, പാർട്ടിയുടെ പിന്തുണ എപ്പോഴും ഉണ്ടായിരുന്നില്ല. ആറാം ഡിവിഷനാണ് ഇത്തവണ സിപിഐയുടെ സീറ്റ്‌. മത്സരിക്കുന്നില്ലെന്ന് ഞാൻ പറഞ്ഞതാണ്. മഹിളാ സംഘത്തിൽ നന്നായി പ്രവർത്തിക്കുന്ന രണ്ടുപേരുടെ പേരുകൾ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ, അർഹതയില്ലാത്ത ആളുടെ പേരാണ് അന്തിമമായി വന്നത്. പ്രസ്ഥാനം വ്യക്തികളിലേക്ക് ഒതുങ്ങിപോയി. പാർട്ടിയിൽ മെമ്പർഷിപ്പ് പോലുമില്ലാത്ത ആളാണ്‌ നിലവിലെ സ്ഥാനാർത്ഥി'-അൻസിയ പറഞ്ഞു.