അതൃപ്തർ പാർട്ടി വിടുന്നു; കോൺഗ്രസിന് തലവേദനയായി വിമതശല്യം
ആലുവ: തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നണികളുടെ സ്ഥാനാർത്ഥി നിർണയം അവസാനഘട്ടത്തിലേക്ക് കടന്നപ്പോൾ സീറ്റ് ലഭിക്കാതെ തഴയപ്പെട്ടവർ പാർട്ടിവിടുന്നത് തുടരുന്നു. കടുങ്ങല്ലൂർ, കീഴ്മാട്, എടത്തല പഞ്ചായത്തുകളിലാണ് ഈ പാർട്ടി മാറ്റങ്ങൾ തകൃതിയായി നടക്കുന്നത്.
കോൺഗ്രസ് ആലുവ ബ്ളോക്ക് എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ഇ.കെ. ഹമീദും കടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറി കെ.കെ. ഷാജിയുമാണ് ഏറ്റവും ഒടുവിൽ പാർട്ടിവിട്ടവർ. എടയപ്പുറം സ്വദേശിയായ ഹമീദ് സി.പി.ഐ ടിക്കറ്റിൽ വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് എരുമത്തല ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകും. 1977 മുതൽ കോൺഗ്രസ് പ്രവർത്തകനായ ഹമീദ് നേതൃത്വത്തോട് ബ്ളോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് രാജി.
കടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറി കെ.കെ. ഷാജി കടുങ്ങല്ലൂർ പഞ്ചായത്ത് ഒന്നാംവാർഡിൽ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കും. കോൺഗ്രസ് ജില്ലാ എക്സിക്യുട്ടീവ് അംഗം വി.കെ. ഷാനവാസിനെതിരെയാണ് ഷാജിയുടെ മത്സരം.
കഴിഞ്ഞദിവസം കടുങ്ങല്ലൂരിലെ മറ്റ് രണ്ട് കോൺഗ്രസ് നേതാക്കളെയും എൽ.ഡി.എഫ് സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്. കളമശേരി ബ്ളോക്ക് ജനറൽ സെക്രട്ടറി കെ.ജെ. ഷാജി, മുൻ ബ്ളോക്ക് ജനറൽ സെക്രട്ടറിയായിരുന്ന ജി. ജയകുമാർ ഉണ്ണിയപ്പൻ എന്നിവരാണ് എൽ.ഡി.എഫിനൊപ്പം ചേർന്നത്.
കഴിഞ്ഞയാഴ്ച എടത്തലയിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് കോൺഗ്രസിൽ നിന്ന് രാജിവച്ചിരുന്നു. എൽ.ഡി.എഫ് സ്വതന്ത്രയായി ബ്ളോക്ക് പഞ്ചായത്ത് നൊച്ചിമ ഡിവിഷനിൽ മത്സരിക്കും. ഒന്നരമാസം മുമ്പ് സി.പി.ഐ വിട്ട് സി.പി.എമ്മിലെത്തിയ ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന അഡ്വ. റൈജ അമീറിനെയാണ് ഈ ഡിവിഷനിൽ മത്സരിപ്പിക്കാൻ സി.പി.എം ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ സാജിത അബ്ബാസ് കൂറുമാറിയെത്തിയതോടെ അവർക്ക് സീറ്റ് വിട്ടുകൊടുക്കുകയായിരുന്നു.
സ്ഥാനമോഹികളുടെ പാർട്ടിമാറ്റം കോൺഗ്രസിനെയാണ് കാര്യമായി ബാധിച്ചിട്ടുള്ളത്. ഇതിന് പുറമെയാണ് കോൺഗ്രസിനെതിരായ വിമതശല്യം. ആലുവ നഗരസഭയിൽ മൂന്ന് വാർഡുകളിൽ കോൺഗ്രസിന് വിമതശല്യം ഉറപ്പാണ്.