അങ്കമാലിയിൽ മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്താൻ മുന്നണികളുടെ നെട്ടോട്ടം
അങ്കമാലി: അങ്കമാലി നഗരസഭയിലെ വാർഡുകളിൽ മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്താൻ മുന്നണികൾ നെട്ടോട്ടത്തിലാണ്. പുതിയ തലമുറയിലെ യുവാക്കൾ സ്ഥാനാർത്ഥിത്വത്തിനായി രാഷ്ട്രീയ പാർട്ടികളെ സമീപിക്കാത്തതാണ് ക്ഷാമത്തിന് പ്രധാന കാരണം. എൽ.ഡി.എഫ് ആയാലും യു.ഡി.എഫ് ആയാലും അങ്കമാലി നഗരസഭയിൽ 31 വാർഡുകളിലും സ്ഥാനാർത്ഥികളെ നിറുത്താൻ കഴിയാതെ കുഴയുകയാണ്.
റെബൽ സ്ഥാനാർത്ഥിയെ 5 വർഷത്തേക്ക് മാറ്റി നിറുത്തണമെന്ന കെ.പി.സി.സി തീരുമാനം നടപ്പിലാക്കാനാകാതെ റെബലായി മത്സരിച്ചവർക്ക് കോൺഗ്രസ് ചിഹ്നം നൽകി മത്സരിപ്പിക്കുന്നു. പാർട്ടിക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ പുറത്തായവരും കോൺഗ്രസ് പട്ടികയിലുണ്ട്. ബി.ജെ.പി പ്രവർത്തന പരിചയം നോക്കാതെ പ്രവർത്തകരായവരുടെ കുടുംബങ്ങളിൽ നിന്നാണ് സ്ഥാനാർത്ഥികളെ ഏറെയും കണ്ടെത്തിയിട്ടുള്ളത്. മൂന്ന് മുന്നണികൾക്കും ഇതുവരെ പൂർണമായ സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കാനായിട്ടില്ല. സമീപ പഞ്ചായത്തുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല.