മുന്നണികളിൽ തർക്കപരിഹാരം
കൊച്ചി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഇടതു- വലതു മുന്നണികളിലും എൻ.ഡി.എയിലും നിലനിന്നിരുന്ന തർക്കങ്ങൾക്ക് പരിഹാരം. സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പൂർത്തിയാക്കുന്നതിനിടെയുണ്ടായ തർക്കങ്ങൾ രണ്ടു ദിവസങ്ങൾ കൊണ്ടാണ് മൂന്ന് മുന്നണി നേതൃത്വങ്ങളും പരിഹരിച്ചത്.
ഇടതിന് തൃക്കാക്കര നഗരസഭയും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുമായിരുന്നു തർക്ക വിഷയം. ഇന്നലെ ഉച്ചയോടെ സി.പി.എം - സി.പി.ഐ ജില്ലാ സെക്രട്ടറിമാർ നടത്തിയ ചർച്ചകളിൽ എല്ലാത്തിനും പരിഹാരമായി. തൃക്കാക്കരയിൽ സി.പി.ഐക്ക് അധികമായി ഒരു സീറ്റ് കൂടി നൽകി. സീറ്റെണ്ണം ആറിൽ നിന്ന് ഏഴായി.
സി.പി.ഐയുടെ സിറ്റിംഗ് സീറ്റായിരുന്ന ഹെൽത്ത് സെന്റർ വാർഡ് സി.പി.എമ്മിനും പകരം ടി.വി സെന്റർ വാർഡ് സി.പി.ഐയ്ക്കും നൽകി. ഇൻഫോ പാർക്ക് സീറ്റ് സി.പി.ഐയ്ക്ക് അധികമായി ലഭിച്ചു. ഇന്നലെ തർക്കം പരിഹരിച്ചതിനു പിന്നാലെ തൃക്കാക്കരയിൽ എൽ.ഡി.എഫ് യോഗവും ചേർന്നു.
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ കടുങ്ങല്ലൂർ, ആലങ്ങാട് സീറ്റുകളിലായിരുന്നു മറ്റൊരു തർക്കം. കടുങ്ങല്ലൂർ സീറ്റിനുള്ള സി.പി.എം അവകാശവാദം സി.പി.ഐ അംഗീകരിച്ചതോടെ ഇതിനും തീരുമാനമായി. പൈങ്ങോട്ടൂരിലെ പ്രശ്‌നത്തിലും ധാരണയിലെത്തി. ബ്ലോക്കിലേക്കും പഞ്ചായത്തിലേയ്ക്കും ഓരോ സീറ്റുകൾ സി.പി.ഐയ്ക്ക് നൽകിയതോടെയാണ് പ്രശ്‌നം അവസാനിച്ചത്.
യു.ഡി.എഫിലും ആശ്വാസം
രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടെ തർക്കങ്ങൾ നിലനിന്നിരുന്ന കോൺഗ്രസിലും യു.ഡി.എഫിലും ഇന്നലെയോടെ പ്രശ്‌നങ്ങൾക്ക് താത്കാലിക പരിഹാരമായി. ഗിരിനഗർ, സ്റ്റേഡിയം, എളംകുളം വാർഡുകളിലെ തർക്കങ്ങൾ പരിഹരിച്ചപ്പോൾ കോർപ്പറേഷൻ സ്ഥാനാർത്ഥി പട്ടികയിലെ വെല്ലുവിളികൾ ഒഴിവായി. ചെറളായിയിലും രവിപുരത്തും അപ്രതീക്ഷിത സ്ഥാനാർത്ഥികൾ എത്തുമെന്നാണ് കോൺഗ്രസ് സൂചന.
എൻ.ഡി.എയിൽ സമവായം
എൻ.ഡി.എ മുന്നണിയിലെ സീറ്റുതർക്കവും പരിഹരിക്കപ്പെട്ടു. കോർപ്പറേഷനിലെ പൊന്നുരുന്നി, കടവന്ത്ര വാർഡുകളെയും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ എരൂർ പുത്തൻകുളങ്ങര, ഞാണംതുരുത്ത് വാർഡുകളെയും ചൊല്ലി ബി.ഡി.ജെ.എസ് ഇടഞ്ഞിരുന്നു. തുടർന്ന് ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനവും എൻ.ഡി.എ ജില്ലാ യോഗവും ബി.ഡി.ജെ.എസ് ബഹിഷ്‌കരിച്ചു. തർക്കസീറ്റുകൾ ബി.ഡി.ജെ.എസിന് തന്നെ നൽകാൻ വ്യാഴാഴ്ച തൃപ്പൂണിത്തുറയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഇന്ന് ഉച്ചയ്ക്ക് 12ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ അവശേഷിക്കുന്ന സീറ്റുകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തും. ജില്ലാ പഞ്ചായത്തിൽ ഞാറക്കലും ബ്ലോക്കിൽ പൊന്നാരിമംഗലത്തും ബി.ഡി.ജെ.എസ് മത്സരിക്കും.
അൻസിയ സി.പി.ഐ വിട്ടു
മുന്നണിയിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനിടെ സി.പി.ഐയിൽ അപ്രതീക്ഷിത പൊട്ടിത്തെറി. കൊച്ചി ഡെപ്യൂട്ടി മേയറും സി.പി.ഐ കൊച്ചി മണ്ഡലം കമ്മിറ്റി അംഗവുമായിരുന്ന കെ.എ. അൻസിയ പാർട്ടിയിൽ നിന്ന് രാജിവച്ചു. മട്ടാഞ്ചേരി ആറാം ഡിവിഷനിലേക്ക് വ്യക്തി താത്പര്യങ്ങൾക്ക് അനുസരിച്ച് സ്ഥാനാർത്ഥിയെ നിശ്ചയിച്ചെന്നാരോപിച്ചാണ് രാജി. ഇവർ കോൺഗ്രസ് സ്ഥാനാർത്ഥിയായി ചെറളായിയിൽ മത്സരിക്കുമെന്നാണ് അഭ്യൂഹങ്ങൾ.