ഒന്ന് തീരുമ്പോ മറ്റൊന്ന്; കെ.എ. അൻസിയ സി.പി.ഐ വിട്ടു

Saturday 15 November 2025 12:28 AM IST
കെ.എ. അൻസിയ

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നേ ഉൾപ്പാർട്ടി പോര്... അത് ഒരു തരത്തിൽ താത്കാലികമായി പരിഹരിച്ച് വന്നപ്പോൾ സി.പി.എമ്മുമായി സീറ്റ് തർക്കം... അതിനും പരിഹാരം കണ്ടതിനു പിന്നാലെ കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയറും സി.പി.ഐ കൊച്ചി മണ്ഡലം കമ്മിറ്റി അംഗവുമായിരുന്ന കെ.എ. അൻസിയ രാജിവച്ചത് സി.പി.ഐയ്ക്ക് അപ്രതീക്ഷിത അടിയായി. മട്ടാഞ്ചേരി ആറാം വാർഡിലെ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് രാജി. മണ്ഡലം കമ്മിറ്റി ചേർന്ന് മൂന്ന് പേരുടെ പാനലാണ് ജില്ലാ കമ്മിറ്റിക്ക് നൽകിയത്. ഇതിൽ ഒരാൾ നിർദ്ദേശിച്ച് ഒരാൾ മാത്രം പിന്തുണച്ച ആളെ സ്ഥാനാർത്ഥിയാക്കി എന്ന് ആരോപിച്ചാണ് അൻസിയ രാജിവച്ചത്. സി.പി.ഐയുടെ പ്രാഥമികാംഗത്വവും മറ്റ് പാർട്ടി സ്ഥാനങ്ങളും രാജിവച്ചു. കുടുംബശ്രീ പ്രവർത്തക പി.എം. അനിലയാണ് മട്ടാഞ്ചേരി ആറാം വാർഡിൽ നിന്ന് ജനവിധി തേടുന്നത്

മണ്ഡലം കമ്മിറ്റിയിൽ ഭൂരിപക്ഷ പിന്തുണയുണ്ടായിരുന്ന സ്ഥാനാർത്ഥികളെ തഴഞ്ഞ ജില്ലാ കമ്മിറ്റിയുടെ നടപടിയിൽ പ്രതിഷേധമുണ്ട്. നേതൃത്വത്തെ ഈ പ്രശ്‌നങ്ങൾ ധരിപ്പിച്ചെങ്കിലും അവഗണിച്ചു. തന്നോട് സ്ഥാനാർത്ഥിയാകണമെന്ന് പ്രാദേശിക തലത്തിൽ ആവശ്യപ്പെട്ടെങ്കിലും മത്സരിക്കാനില്ല എന്നറിയിച്ചിരുന്നു. കഴിവുള്ള സ്ത്രീകൾ വരട്ടെ എന്നായിരുന്നു നിലപാട്. എന്നാൽ പാർട്ടി അംഗത്വം പോലുമില്ലാത്ത ആളെയാണ് മത്സരിപ്പിക്കുന്നത്. പ്രസ്ഥാനം വ്യക്തികളിലേക്ക് ഒതുങ്ങി പോയി.

കെ.എ. അൻസിയ

അൻസിയയുടെ പ്രസ്താവന അടിസ്ഥാനരഹിതമെന്ന് സി.പി.ഐ

കെ.എ. അൻസിയ പത്രസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുൺ പറഞ്ഞു. സ്ഥാനാർത്ഥി നിർണയത്തിൽ എല്ലാവരുടെയും താത്പര്യങ്ങൾ സംരക്ഷിക്കാനാകില്ലെന്ന് പറഞ്ഞ അരുൺ,​ അൻസിയ ഉന്നയിച്ച വിമർശനങ്ങൾ പരിശോധിക്കുമെന്നും പറഞ്ഞു.

ജനാധിപത്യമായ രീതിയിൽ തന്നെയാണ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചതെന്നും അഞ്ച് വർഷം എല്ലാ സൗകര്യങ്ങളും അനുഭവിച്ച ശേഷം വീണ്ടും സ്വന്തം താത്പര്യങ്ങൾ നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ പരാജയപ്പെട്ടത് കൊണ്ടുള്ള വിഭ്രാന്തിയിലാണ് അൻസിയയുടെ പ്രസ്താവനയെന്നും സി.പി.ഐ കൊച്ചി മണ്ഡലം സെക്രട്ടറി എം.കെ. അബ്ദുൾ ജലീലും കുറ്റപ്പെടുത്തി.