ജീവിതശൈലി രോഗ നിർണയ ക്യാമ്പ്
കാഞ്ഞങ്ങാട്: ലോക പ്രമേഹ ദിനത്തിന്റെ ഭാഗമായി ഹൃദയാഘാതം, തളർച്ച എന്നിവ കൂടിവരുന്ന സാഹചര്യത്തിൽ ഇത്തരം രോഗങ്ങൾക്ക് കാരണമാകുന്ന പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നതിനും പരിശോധന നടത്തുന്നതിനും കാഞ്ഞങ്ങാട് ലയൺസ് ക്ലബ് ജീവിതശൈലി രോഗ നിർണയ ക്യാമ്പ് നടത്തി. കാഞ്ഞങ്ങാട് ജില്ലാആശുപത്രി സമീപത്തുള്ള കെ.എച്ച്.ഡി ലബോറട്ടറിയുടെ സഹായത്തോടെ കാഞ്ഞങ്ങാട് പട്ടണത്തിൽ രാവിലെ ആറുമണി മുതൽ ആരംഭിച്ച ക്യാമ്പിൽ അന്യസംസ്ഥാന തൊഴിലാളികൾ, വ്യാപാരികൾ, തൊഴിലാളികൾ, പൊതുജനങ്ങൾ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു. ലയൺസ് റീജണൽ ചെയർമാൻ പി.പി കുഞ്ഞികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് കണ്ണൻ പാർത്ഥസാരഥി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മധു, അംഗങ്ങളായ കെ. ബാലകൃഷ്ണൻ നായർ, പ്രദീപ് കീനേരി, എൻ. അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.