സൂപ്പർ സെക്കൻഡ് ഇന്നിംഗ്സ്
സിനിമയിലെ രണ്ടാംവരവ് ആഘോഷമാകുകയാണ് മേഘ്ന രാജിന്. മികച്ച കന്നട നടിക്കുള്ള കർണാടക സർക്കാർ പുരസ്കാരം 'ഇരുവുള്ളവ ബിട്ടു "എന്ന സിനിമ നേടി കൊടുത്തതാണ് പുതിയ വിശേഷം . തമിഴിൽ രജനികാന്ത് ചിത്രം ജയിലർ 2, മലയാളത്തിൽ ഒറ്റക്കൊമ്പൻ. കരിയറിൽ മികച്ച യാത്രയിൽ ആണ് മേഘ്ന രാജ്. എന്നാൽ കന്നടയിൽ മികച്ച അഭിനേത്രിയായി മകൾ അംഗീകാരം നേടണമെന്ന അമ്മ പ്രമീള ജോഷിയുടെ ആഗ്രഹം സഫലമായതാണ് മേഘ്നയുടെ സന്തോഷങ്ങളിലൊന്ന്. പ്രമീള ജോഷി കന്നട സിനിമയിൽ അഭിനേത്രിയായി തിളങ്ങുന്നു. മേഘ്നയുടെ അച്ഛൻ സുന്ദർരാജ് അഭിനേതാവും നിർമ്മാതാവും. പുരസ്കാര തിളക്കത്തിലും വേദനയായി മാറുന്നു അകാലത്തിൽ വിട പറഞ്ഞ ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ ( ചിരു) വിയോഗം. മേഘ്ന രാജ് മനസ് തുറന്നു.
അവാർഡ്ആർക്കാണ് സമർപ്പിക്കുന്നത് ? ചിരുവിനും വീട്ടുകാർക്കും പുരസ്കാരം സമർപ്പിക്കുന്നു. പൂർണമായി കൊമേഴ്സ്യൽ സിനിമയാണ് 'ഇരുവുള്ളവ ബിട്ടു ".എന്നാൽ അഭിനയ പ്രാധാന്യം ഏറെയുള്ള കഥാപാത്രം ആണ്. അവാർഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല. സിനിമയിലെ നിർണായകമായ സീൻ ചിത്രീകരിക്കുമ്പോൾ ചിരു അവിടെ ഉണ്ടായിരുന്നു. അവാർഡ് ലഭിക്കുമെന്ന് ചിരു ഉറപ്പിച്ചുപറഞ്ഞു. വലിയ ഒരു അഭിനന്ദനമായി ആ വാക്കുകൾ ഏറ്റെടുത്ത് അഭിനയിച്ചു. അപ്പോഴും അവാർഡ് പ്രതീക്ഷിച്ചില്ല.'ഇരുവുള്ളവ ബിട്ടു"വിൽ അഭിനയിക്കുമ്പോൾ ഞങ്ങളുടെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. ചിരുവിന് വലിയ വിശ്വാസമായിരുന്നു ഇൗ സിനിമയോട്. വലിയ താരത്തിന്റെ ആവശ്യമില്ലാത്ത സിനിമ. മേഘ്ന രാജിന്റെ സിനിമ എന്ന് പ്രേക്ഷകർ കാണുകയും അംഗീകരിക്കുകയും ചെയ്യുമെന്ന ചിരുവിന്റെ വാക്കുകൾ സത്യമായി.
മകൻ റായന്റെ വിശേഷം എന്താണ് ? അഞ്ചുവയസായി. കലാരംഗത്തോട് താത്പര്യമാണ് . പെയിന്റിംഗും ഡാൻസും ഫുട്ബാളും ഇഷ്ടംആണ് . സിനിമയോട് താത്പര്യം കാണിച്ചിട്ടില്ല. അതിന്റെ വാതിൽ തുറക്കുമെങ്കിൽ അപ്പോൾ ഉണ്ടാകട്ടെ. ചിരുവിന്റെയും എന്റെയും സിനിമകൾ കാണാറുണ്ട്. എന്നാൽ മുഴുവൻ കാണാൻ ഇരിക്കാറില്ല. ചിരുവിന്റെ സിനിമയിലെ പാട്ടുകൾ ഇഷ്ടമാണ്. സിംഗ സിനിമയിലെ 'വാട്ട് എന്ന ബ്യൂട്ടിഫുൾ ഹുഡുഗി ശിവ ശിവ " എന്ന പാട്ട് റായൻ പാടാറുണ്ട്.സിനിമയിൽ ആ പാട്ട് പാടിയത് ഞാൻ ആണ്.
മേഘ്നയുടെ രണ്ടാംവിവാഹം സോഷ്യൽ മീഡിയ നടത്താറുണ്ടല്ലേ ? ഇതെല്ലാം കേൾക്കുമ്പോഴും അറിയുമ്പോഴും ചിരി വരും. എന്നാൽ സന്തോഷത്തോടെ കഴിയണമെന്നും കൂടുതൽ സിനിമകൾ ചെയ്യണമെന്നും സ്നേഹത്തോടെ ഉപദേശിക്കുന്നവരുണ്ട്. എന്നാൽ മറ്റൊരു കൂട്ടർ എന്റെ വേദനയെ മുറിവേൽപ്പിച്ച് സന്തോഷിക്കുന്നു. രണ്ടുതരം സമൂഹമാണ്. രണ്ടാം വിവാഹത്തെപ്പറ്റി ആളുകൾ പറയുന്നതിനോട്പ്രതികരിക്കാൻ താത്പര്യമില്ല. വിവാഹം വ്യക്തിപരമായ കാര്യവും തീരുമാനവുമാണ്. അതേപ്പറ്റി ഞാൻ ഇതുവരെ സംസാരിച്ചിട്ടില്ല.
മലയാളത്തിലേക്ക് തിരിച്ചുവരവായി 'ഒറ്റക്കൊമ്പൻ " ? തീരെ പ്രതീക്ഷിക്കാതെയാണ് ഒറ്റക്കൊമ്പന്റെ ഭാഗമാകുന്നത്. ചിരുവിന്റെ വിയോഗം അറിഞ്ഞ് മലയാളസിനിമയിൽനിന്ന് എന്നെ വിളിച്ച് ആദ്യം ആശ്വസിപ്പിച്ചത് സുരേഷ് ഗോപി ആണ്. എനിക്കും കുടുംബത്തിനും ഒപ്പം നിന്ന വലിയ മനസിന് ഉടമയാണ് സുരേഷേട്ടൻ. ആ ബഹുമാനം എന്നും ഞാൻ കാത്തുസൂക്ഷിക്കും. സുരേഷ് ഗോപി സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരുമെന്ന് കരുതിയില്ല.മലയാള സിനിമയിൽ അഭിനയിക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തിയും സന്തോഷവും വിവരിക്കാൻ കഴിയില്ല. കൂടുതൽ സിനിമകളിൽ അഭിനയിച്ചത് മലയാളത്തിൽ ആണ്. ലോകത്ത് എവിടെപോയാലും മലയാളികൾ എന്നെ തിരിച്ചറിയുന്നു. കന്നടയിൽ മാത്രമല്ല മലയാളത്തിലേക്കും തമിഴിലേക്കും തിരിച്ചുവരവ് മനോഹരം തന്നെ ആണ് .