ശിവപ്രിയയുടെ മരണകാരണം, ബാക്ടീരിയൽ അണുബാധ
തിരുവനന്തപുരം: മെഡിക്കൽകോളജ് എസ്.എ.ടി ആശുപത്രിയിൽ പ്രസവാനന്തരം കരിക്കകം സ്വദേശി ശിവപ്രിയ മരിച്ചത് ബാക്ടീരിയൽ അണുബാധമൂലം തന്നെയെന്ന് അന്വേഷണ സമിതി റിപ്പോർട്ട്. പ്രസവത്തിനുശേഷമുണ്ടായ അണുബാധയാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. എന്നാൽ, ആശുപത്രിയിൽ നിന്നാണ് അണുബാധ ഉണ്ടായതെന്ന് പറയാനാകില്ലെന്നാണ് അന്വേഷണസമിതി ചൂണ്ടിക്കാട്ടുന്നത്. മരണ കാരണമായത് 'സ്റ്റഫൈലോകോക്കസ്' അണുബാധയാണ്.
അണുബാധ ഉണ്ടായത് എവിടെ വച്ചെന്ന് ഉറപ്പിക്കാനാവില്ലെന്നും സമിതി പറയുന്നു. അന്വേഷണ റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി. മുറിവുകളിലൂടെയോ ചർമ്മത്തിലെ കേടുപാടുകളിലൂടെയോ ഉള്ളിൽ പ്രവേശിച്ചാൽ ഗുരുതര അണുബാധക്ക് കാരണമാകുന്ന ബാക്ടീരിയകളുടെ ഗ്രൂപ്പാണ് 'സ്റ്റഫൈലോകോക്കസ്'. ആശുപത്രിയിൽ നിന്ന് അല്ലാതെ അണുബാധ ഉണ്ടാകാൻ സാദ്ധ്യത ഇല്ലെന്നും റിപ്പോർട്ട് ഇങ്ങനെ ആകുമെന്ന് അറിയാമായിരുന്നുവെന്നും ശിവപ്രിയയുടെ സഹോദരൻ ശിവപ്രസാദ് പറഞ്ഞു. ആരോഗ്യമന്ത്രിക്ക് പരാതി നൽകുമെന്നും നീതി കിട്ടുംവരെപോരാട്ടം തുടരുമെന്നും ശിവപ്രസാദ് വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ചയാണ് ശിവപ്രിയ (26) മരിച്ചത്. എസ്.എ.ടി ആശുപത്രിയിൽ നിന്നാണ് അണുബാധയുണ്ടായതെന്നാണ് ബന്ധുക്കളുടെ പരാതി. ആശുപത്രി വിട്ടതിന്റെ പിറ്റേദിവസം കടുത്ത പനിയെ തുടർന്ന് തിരികെയെത്തിച്ചു. നില ഗുരുതരമായതോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി അവിടെ വെച്ചാണ് മരിച്ചത്.
നവജാത ശിശുവുമായി ബന്ധുക്കൾ സമരം തുടങ്ങിയതോടെ അന്വേഷണത്തിനായി വിദഗ്ധ സമിതിയെ നിയോഗിക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കൽകോളേജിലെ ഗൈനക്കോളജി വിഭാഗംമേധാവി ഡോ.സംഗീതയാണ് വിദഗ്ധ സമിതിയുടെ അദ്ധ്യക്ഷ. ആലപ്പുഴ മെഡിക്കൽകോളേജിലെ ക്രിട്ടിക്കൽ കെയർ വിഭാഗംമേധാവി ഡോ. ലത, സർജറി വിഭാഗംമേധാവി ഡോ. സജികുമാർ,കോട്ടയം മെഡിക്കൽകോളേജിലെ ഇൻഫക്ഷൻ ഡിസീസ് വിഭാഗംമേധാവി ജൂബിജോൺ എന്നിവരാണ് അംഗങ്ങൾ.