വേഗത കൂട്ടാന്‍ പൊടിക്കൈ; 100ല്‍ അധികം വാഹനങ്ങള്‍ പിടികൂടി പൊലീസ്
ദുബായ്: കാല്‍നട പാതകളിലൂടെയും ജോഗിംഗ് ട്രാക്കുകളിലൂടെയും അമിത വേഗത്തില്‍ ഓടിച്ച ഇ- ബൈക്കുകള്‍ ഉള്‍പ്പെടെയുള്ളവ പിടികൂടി ദുബായ് പൊലീസ്. മണിക്കൂറില്‍ അനുവദിച്ചിട്ടുള്ള പരമാവധി വേഗത മറികടന്ന് 100 കിലോമീറ്റര്‍ വേഗതയിലാണ് വാഹനങ്ങള്‍ ഓടിച്ചിരുന്നത്. വണ്ടികളുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനായി രൂപമാറ്റം വരുത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. നാദല്‍ ഷിബയിലും മറ്റ് ഭാഗങ്ങളിലും ട്രാഫിക് നിയമലംഘനം കണ്ടെത്തിയ 130 പേര്‍ക്ക് പിഴ വിധിക്കുകയും ചെയ്തു.
ഇ-ബൈക്കുകളുടെ അമിത വേഗം സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാണെന്ന് ദുബായ് പൊലീസ് ഓപറേഷന്‍ അഫേഴ്‌സ് അസി. കമാന്‍ഡന്റ് മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു. നിയമലംഘകര്‍ക്കെതിരെ ശക്തമായ നിയമപടികള്‍ സ്വീകരിക്കും. കൃത്യമായ മേല്‍നോട്ടമില്ലാതെ ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നതിലുള്ള അപകടത്തെ കുറിച്ച് ബോധവത്കരണം നല്‍കുന്നതിനായി രക്ഷിതാക്കളെ വിളിച്ചു വരുത്തിയിരുന്നു.
ചെറിയ യാത്രകള്‍ക്ക് വേണ്ടി മാത്രം ഡിസൈന്‍ ചെയ്തിട്ടുള്ള ഇത്തരം വാഹനങ്ങള്‍ രൂപമാറ്റം വരുത്തുകയും ശേഷി വര്‍ദ്ധിപ്പിച്ച് വേഗത കൂട്ടുകയും ചെയ്യുന്നത് അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് ദുബായ് പൊലീസ് പറഞ്ഞു. കൗമാരക്കാരുടെ അപകടകരമായ വാഹനമോടിക്കലിനെക്കുറിച്ച് പരാതികള്‍ വ്യാപകമായതോടെയാണ് പൊലീസ് പരിശോധനയും പട്രോളിംഗും ശക്തമാക്കിയത്. ഈ വര്‍ഷം ജനുവരി മുതല്‍ മേയ് മാസം വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 254 നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ 13 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.