ശബരിമല: ജയശ്രീയുടെ അറസ്റ്റ് ചൊവ്വാഴ്ച വരെ തടഞ്ഞു

Saturday 15 November 2025 12:41 AM IST

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നാലാം പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി ചൊവ്വാഴ്ച വരെ തടഞ്ഞു. ജയശ്രീയുടെ മുൻകൂർ ജാമ്യഹർജി ഫയലിൽ സ്വീകരിച്ചാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നടപടി. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. മുൻകൂർ ജാമ്യഹർജി പത്തനംതിട്ട പ്രിൻസിപ്പൽ ജില്ലാ കോടതി തള്ളിയതിനെ തുടർന്നാണ് ജയശ്രീ ഹൈക്കോടതിയെ സമീപിച്ചത്.

സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയത് ജയശ്രീ ആയിരുന്നു. ചെമ്പുപാളികൾ എന്നാണ് രേഖയുണ്ടാക്കിയത്.

ബോർഡ് തീരുമാനം ഉത്തരവായി പുറപ്പെടുവിക്കുക മാത്രമാണ് ചെയ്തതെന്നും കുറ്റകൃത്യത്തിന് കൂട്ടുനിന്നിട്ടില്ലെന്നുമാണ് ഹർജിക്കാരിയുടെ വാദം. താൻ രോഗാവസ്ഥയിലാണെന്നും 38 വർഷത്തെ സേവനത്തിനിടെ ഒരു അച്ചടക്ക നടപടിക്കും വിധേയമായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. വ‌ൃക്കരോഗ ചികിത്സയിലാണ്. കരളിനും തകരാറുണ്ടെന്ന മെഡിക്കൽ റിപ്പോർട്ടുകളും ഹാജരാക്കി. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് അറസ്റ്റ് തടഞ്ഞത്. തിരുവാഭരണം കമ്മിഷണറായിരിക്കെ 2020ലാണ് ജയശ്രീ വിരമിച്ചത്.