കേസ് വേഗം തീർപ്പാക്കാൻ റോബോ ജഡ്ജി വരും

Saturday 15 November 2025 12:45 AM IST

കൊച്ചി: വിചാരണക്കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിലാക്കാൻ 'റോബോ ജഡ്ജി"മാരെ ഇന്ത്യയിലും നിയോഗിക്കും. പെറ്റിക്കേസുകളും ട്രാഫിക്, ഭൂതർക്ക കേസുകളും തീർപ്പാക്കുന്നതിനാകും ഇവ സഹായിക്കുക. അന്തിമ തീർപ്പ് യഥാർത്ഥ ജഡ്ജിയുടേതായിരിക്കും. അടുത്ത വർഷം മുതൽ നടപ്പാക്കുമെന്നാണ് സൂചന.

റോബോ ജഡ്ജി എന്നാൽ മനുഷ്യരൂപമുള്ള യന്ത്രമല്ല, എ.ഐ അധിഷ്ഠിത സംവിധാനമാണ്. കേസ് നടത്തിപ്പിന് ആവശ്യമായ രേഖകളുടെ പരിശോധനയും പശ്ചാത്തല വിവരശേഖരണവും നിഗമനങ്ങളും ഇത് എളുപ്പമാക്കും. തെളിവുപരിശോധന, റഫർ ചെയ്യേണ്ട മുൻകാല ഉത്തരവുകളുടെ ശേഖരണം എന്നിവയും റോബോ ജഡ്ജി ചെയ്യും. ധാർമ്മികത നിലനിറുത്തിയാകും പ്രവർത്തനം.

രാജ്യത്ത് ഘട്ടങ്ങളായാണ് സംവിധാനം നടപ്പാക്കുക. ജില്ലാ സെഷൻസ് ജഡ്ജിമാർക്കുള്ള പരിശീലനമാണ് ആദ്യം. ഇതിനോടകം വിചാരണക്കോടതി ജഡ്ജിമാരുടെ രണ്ടു ബാച്ച് സിംഗപ്പൂരിൽ പരിശീലനം പൂർത്തിയാക്കി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് അഡ്മിനിസ്ട്രേഷനാണ് മേൽനോട്ടം.

ഡിജിറ്റലൈസേഷനോടെ കേസുകൾ തീർപ്പാക്കുന്നതിന് വേഗം കൂടിയിട്ടുണ്ട്. എങ്കിലും പെറ്റിക്കേസുകളുടെയും ഭൂതർക്ക കേസുകളുടെയും എണ്ണപ്പെരുക്കം തലവേദനയായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് റോബോ സംവിധാനം അവതരിപ്പിക്കുന്നത്.

ചൈനയിലുണ്ട്

പതിവ് കേസുകൾ തീർപ്പാക്കാൻ റോബോ ജഡ്ജിമാരെ ആദ്യമായി നിയോഗിച്ചത് എസ്തോണിയയാണ്, 2019 മുതൽ. പെറ്റിക്കേസുകളുടെ അപ്പീൽ ഘട്ടത്തിലാണ് യഥാർത്ഥ ജഡ്ജിമാരെത്തുക. പിന്നാലെ ചൈനയും നടപ്പാക്കി. ഇതാണ് ഇന്ത്യ മാതൃകയാക്കുക. യു.എ.ഇയിലും എ.ഐ സംവിധാനം ഉപയോഗത്തിലുണ്ട്.

3.6 കോടി

രാജ്യത്തെ വിചാരണക്കോടതികളിൽ

കെട്ടിക്കിടക്കുന്ന കേസുകൾ