ഒറ്റയടിക്ക് 225 കോടി നേരിട്ട് അക്കൗണ്ടിലെത്തും,​ അനിൽകുമാർ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ,​ വിശദമാക്കി അധികൃതർ

Friday 14 November 2025 10:56 PM IST

അബുദാബി : കഴിഞ്ഞ മാസം നടന്ന യു.എ.ഇ ലോട്ടറി നറുക്കെടുപ്പിൽ തെലങ്കാന സ്വദേശിയായ അനിൽകുമാർ ബൊള്ള (29)​ ഒറ്റ രാത്രി കൊണ്ട് കോടീശ്വരനായി മാറിയിരുന്നു. 225 കോടി രൂപ.യാണ് നികുതികളൊന്നുമില്ലാതെ അനിൽകുമാറിന് സമ്മാനമായി ലഭിക്കുക. യു.എ.ഇ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്. തവണകളായി അല്ലാതെ ഒറ്റ ഇടപാടിൽ തന്നെ 225 കോടി രൂപ അനിൽകുമാറിന്റെ അക്കൗണ്ടിലെത്തും.

സുതാര്യതയും സുരക്ഷയും ഉറപ്പാക്കുന്ന കർശനമായ പരിശോധനാ- വിനിമയ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമായിരിക്കും സമ്മാനത്തുക നൽകുകയെന്ന് യു.എ.ഇ ലോട്ടറി അധികൃതർ അറിയിച്ചു. ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് സാധാരണയായി നറുക്കെടുപ്പ് കഴിഞ്ഞ് ഒട്ടേറെ ആഴ്ചകൾ എടുക്കും. വിജയിയെ അവരുടെ ആസ്ഥാനത്തേക്ക് നേരിട്ട് ക്ഷണിക്കുകയും വ്യക്തിവിവരങ്ങളും രേഖകളും പരിശോധിച്ച് വിലയിരുത്തുകയും ചെയ്യും. സമ്മാനത്തുക കൈമാറുന്ന പ്രക്രിയയെ കുറിച്ചും വിശദീകരിക്കും. തുടർന്ന് വിജയിയുടെ എല്ലാ രേഖകളും റഗുലേറ്ററി,​ ബാങ്കിംഗ് അംഗീകാരത്തിനായി സമർപ്പിക്കും. അംഗീകാരം ലഭിച്ചാലുടൻ തന്നെ തുക വിജയിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും,​

അബുദാബിയിൽ ഐ.ടി മേഖലയിൽ ജോലി ചെയ്യുകയാണ് അനിൽകുമാർ ബൊള്ള. ഒരു വർഷമായി ലോട്ടറിയിൽ ഭാഗ്യം പരീക്ഷിക്കുന്ന അനിൽകുമാർ അമ്മയുടെ ജന്മദിന മാസത്തെ അക്കങ്ങൾ ഉപയോഗിച്ചാണ് വിജയിച്ച ടിക്കറ്റ് എടുത്തത്. കോടീശ്വരൻ ആയെങ്കിലും 10 വർഷമെങ്കിലും യു.എ.ഇയിലെ ജോലിയിൽ തുടരുമെന്ന് അനിൽകുമാർ നേരത്തെ പറഞ്ഞിരുന്നു.