സ്വാമിയേ ശരണമയ്യപ്പാ...

Saturday 15 November 2025 12:01 AM IST

ഭ​ക്ത​ർക്ക് ​അ​ഭ​യ​ദാ​യ​ക​മാ​യ​ ​ശ​ബ​രീ​ശ​ ​സ​ന്നി​ധാ​നം​ ​മ​ണ്ഡ​ല​-​ ​മ​ക​ര​വി​ള​ക്ക് ​തീ​ർ​ത്ഥാ​ട​ന​ത്തി​നൊ​രു​ങ്ങി. ഇനി നാടാകെ ശരണംവിളികൾ മുഴങ്ങും.​ 17നാ​ണ് ​വൃ​ശ്ചി​കം​ ​ഒ​ന്ന്.​ ​ഞായറാഴ്ച​ ​വൈ​കി​ട്ട് ​അ​ഞ്ചി​ന് ​​ന​ട​തു​റ​ക്കും.​ ​41​ ​ദി​വ​സം​ ​സ​ന്നി​ധാ​നം​ ​ശ​ര​ണം​വി​ളി​ക​ളാ​ൽ​ ​മു​ഖ​രി​ത​മാ​കും.​ ​ഡി​സം​ബ​ർ​ 27ന് ​മ​ണ്ഡ​ല​പൂ​ജ.​ അന്ന് രാത്രി 10ന് നടയടച്ചശേഷം മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് നടതുറക്കും. ജ​നു​വ​രി​ 14​നാ​ണ് ​മ​ക​ര​വി​ള​ക്ക്.

ഭ​ക്ത​ർ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഒ​രു​ക്കു​ന്ന​തി​ന്റെ​ ​അ​വ​സാ​ന​ഘ​ട്ട​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ് ​സ​ർ​ക്കാ​രും​ ​ദേ​വ​സ്വം​ ​ബോ​ർ​ഡും.​ ​എല്ലാക്കൊല്ലത്തെയും പോലെ വിവാദങ്ങൾ ശബരിമലയെ വിട്ടൊഴിയുന്നില്ല. ഇത്തവണ സ്വർണപ്പാളിയാണ് കത്തിപ്പടർന്നത്. തീർത്ഥാടനത്തോടനുബന്ധിച്ചുള്ള അവലോകന യോഗങ്ങൾ നടക്കേണ്ട ദിവസങ്ങളിൽ സ്വർണപ്പാളി കേസ് സർക്കാരിനും ദേവസ്വം ബോർഡിനും തലവേദനയായി. ഇതിനിടെ രാഷ്ട്രപതിയെ സ്വീകരിക്കാൻ സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയത് ഇക്കൊല്ലത്തെ മണ്ഡല, മകരവിളക്ക് തീർത്ഥാടന മുന്നൊരുക്കങ്ങളുടെ ഭാരംകുറച്ചു. അവലോകന യോഗങ്ങൾ കൂടിയിട്ടില്ലെന്ന് ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ഒരുക്കങ്ങൾ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. ആരോപണങ്ങൾക്ക് നടുവിൽ നിന്ന് വിയർത്തെങ്കിലും തീർത്ഥാടകർക്ക് അപകട ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തിയതും ക്ഷേത്രങ്ങളിൽ ഡിജിറ്റലൈസേഷന് തുടക്കം കുറച്ചതും ദേവസ്വം ബോർഡിന് നേട്ടമായി അവകാശപ്പെടാം. തീ​ർ​ത്ഥാ​ട​ക​രെ​ ​വ​ര​വേ​ൽ​ക്കാ​ൻ​ ​ന​ട​ത്തി​യ​ ​ത​യ്യാ​റെ​ടു​പ്പു​ക​ളെ​ക്കു​റി​ച്ച് ​ഒ​രു​ ​അ​ന്വേ​ഷ​ണം.​ ​അ​റി​ഞ്ഞി​രി​ക്കേ​ണ്ട​ ​കാ​ര്യ​ങ്ങ​ളും.

@ നിലയ്ക്കൽ

കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി

തീർത്ഥാടകരുടെ പ്രധാന ബേസ് ക്യാമ്പായ നിലയ്ക്കലിൽ ഏറെക്കാലമായി തുടരുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി. വാട്ടർ അതോറിട്ടി വിഭാവനം ചെയ്ത 120 കോടിയുടെ സീതത്തോട്- നിലയ്ക്കൽ കുടിവെള്ള പദ്ധതി കമ്മിഷൻ ചെയ്തു. നേരത്തെ പമ്പയിൽ നിന്ന് ടാങ്കർ ലോറിയിലാണ് നിലയ്ക്കലിലേക്ക് വെള്ളം എത്തിച്ചിരുന്നത്. പദ്ധതി കമ്മിഷൻ ചെയ്തതോടെ 20ലക്ഷം ലിറ്റർ വീതം സംഭരണ ശേഷിയുള്ള മൂന്ന് ടാങ്കുകളിലേക്ക് വെള്ളമെത്തും. നിലയ്ക്കലിൽ ഒരുദിവസം 20ലക്ഷം ലിറ്ററോളം വെള്ളം ആവശ്യമുണ്ട്. സീതത്തോട് മുതൽ നിലയ്ക്കൽ വരെയുള്ള ഉന്നതികളിലേക്കുള്ള ജലവിതരണവും ഇതോടൊപ്പം നടക്കും.

 വിരിപ്പുരകൾ

ഭക്തർക്ക് വിരിവയ്ക്കുന്നതിനായി 5 വിരിപ്പുരകൾ പൂർത്തിയായി. ഒന്നിൽ 1,000 ആളുകൾക്ക് തങ്ങാം. ഡ്രൈവർമാർക്ക് തങ്ങാൻ പ്രത്യേക സൗകര്യമൊരുക്കി.

 ജീവനക്കാർക്ക് താമസ സൗകര്യം

പൊലീസിനും മറ്റു ജീവനക്കാർക്കും താമസിക്കാൻ 5 കെട്ടിടങ്ങളുടെ പണി പൂർത്തിയാക്കി.

 18 പാർക്കിംഗ് ഗ്രൗണ്ടുകൾ

നിലയ്ക്കലിൽ ഒരു പാർക്കിംഗ് ഗ്രൗണ്ട് കൂടിയായി. ആകെയുള്ള 18 പാർക്കിംഗ് ഗ്രൗണ്ടുകളിലായി ഒരു സമയം 10,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം

 420 പെർമനന്റ് ടോയ്ലെറ്റുകൾ, 500കണ്ടെയ്നർ ട‌ോയ്ലറ്റുകൾ

 സൗജന്യ അന്നദാനം

@ പമ്പ

 10 നടപ്പന്തലുകൾ

ഭക്തർക്ക് ക്യൂ നിൽക്കാനും വിശ്രമിക്കാനുമായി പമ്പാ മണൽപ്പുറത്ത് നിർമ്മിച്ച 10 പുതിയ നടപ്പന്തലുകളുടെ നിർമ്മാണം പൂർത്തിയായി.

 ജർമ്മൻ പന്തൽ

പമ്പ മണപ്പുറത്ത് തീർത്ഥാടകർക്ക് വിശ്രമിക്കാൻ താത്കാലിക ജർമ്മൻ പന്തലും പൂർത്തിയായി. ഇവിടെ 4,000പേർക്ക് വിശ്രമിക്കാം.

 സ്ത്രീകൾക്ക് പരിഗണന

ശീതീകരിച്ച വനിതാ ഫെസിലിറ്റേഷൻ സെന്റർ സ്ഥാപിച്ചു. നദിയിൽ കുളിച്ചശേഷം സ്ത്രീകൾക്ക് വസ്ത്രം മാറുന്നതിന് പ്രത്യേക സൗകര്യം.

 പാർക്കിംഗ്

പമ്പ ഹിൽടോപ്പ്, ചക്കുപാലം 2 എന്നിവിടങ്ങളിൽ ചെറുവാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം. ഒരു സമയം 1,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം.

 ഡോളി കൗണ്ടർ

പമ്പയിൽ ഗണപതി ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ടിന് സമീപത്തായി ഡോളി കൗണ്ടർ സ്ഥാപിച്ചു.

 വേസ്റ്റ് ബിന്നുകൾ

പമ്പ മുതൽ സന്നിധാനം വരെ ജൈവ, അജൈവ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കാൻ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു.

 300 ശൗചാലയങ്ങൾ, 70 എണ്ണം സ്ത്രീകൾക്ക്

 പ്രത്യേകം കഞ്ഞിപ്പുര

@ സന്നിധാനം

 ചാരുബെഞ്ചുകൾ

ശരംകുത്തി മുതൽ വലിയ നടപ്പന്തൽ വരെ ഭക്തർക്ക് ക്യൂ നിൽക്കുന്ന പാതയ്ക്ക് ഒരു വശത്തായി കോൺക്രീറ്റ് ചാരു ബെഞ്ചുകൾ ഈ വർഷത്തെ പുതുമയാണ്. തിരക്കേറുന്ന ദിവസങ്ങളിൽ ക്യൂവിൽ ഭക്തർ തിങ്ങിഞെരുങ്ങി നിൽക്കുന്നതും വീർപ്പുമുട്ടുന്നതും ഒഴിവാക്കാനാണിത്. മരക്കൂട്ടം മുതൽ സന്നിധാനം വരെ ചന്ദ്രാനന്ദൻ റോഡിൽ ഭക്തർക്ക് വിശ്രമിക്കാൻ ബെഞ്ചുകൾ സ്ഥാപിച്ചിട്ടുണ്ട്.

 546 മുറികൾ

സന്നിധാനത്ത് ഭക്തർക്ക് താമസിക്കാൻ വിവിധ കെട്ടിടങ്ങളിലായി 546 മുറികൾ സജ്ജമാക്കി. 56 മുറികൾ ശീതീകരിച്ചതാണ്.

 15 ഇ. എം.സികൾ

അപ്പാച്ചിമേട്ടിലും ചരൽമേട്ടിലും ആരോഗ്യ വകുപ്പിന്റെ 15 എമർജൻസി മെഡിക്കൽ സെന്ററുകൾ

 കുടിവെള്ള വിതരണം

പമ്പ മുതൽ സന്നിധാനം വരെ 56 ചുക്കുവെള്ള വിതരണ കേന്ദ്രങ്ങൾ. വാട്ടർ അതോറിട്ടിയുടെ കുടിവെള്ള കിയോസ്ക്കുകളുടെ പണിയും പൂർത്തിയായി.

 ശൗചാലയങ്ങൾ

സന്നിധാനത്ത് 1,005 ശൗചാലയങ്ങൾ. 885 എണ്ണം സൗജന്യമായും 120 എണ്ണം പണം നൽകിയും ഉപയോഗിക്കാം. ശരംകുത്തി പാതയിലെ ക്യൂ കോംപ്ളക്സുകളിൽ 164ശൗചാലയങ്ങൾ സൗജന്യമായി ഉപയോഗിക്കാം. പമ്പയിൽ നിന്ന് സന്നിധാനം വരെ പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പൻ റോഡിലുമായി 58 ബയോ ടോയ്ലെറ്റുകൾ. 4 മൊബൈൽ കണ്ടെയ്നർ ടോയ്ലെറ്റുകൾ. ശുചീകരണത്തിന് 420 താത്കാലിക തൊഴിലാളികളെയും നിയമിച്ചു.

സന്നിധാനത്തും പരസരങ്ങളിലും ദുർഗന്ധം ഒഴിവാക്കുന്നതിന് ഫ്രാഗെൻസ് ഡിസ്പെൻസറുകൾ ഇത്തവണ സ്ഥാപിക്കും.

 പ്രധാന ഫോൺ നമ്പറുകൾ

സന്നിധാനം കോഡ് 04735

പരാതികൾ- 202199

ദേവസ്വം ബോർഡ് പ്രസിഡന്റ്- 202034

സ്പെഷ്യൽ കമ്മിഷണർ- 202015

പൊലീസ് സൂപ്രണ്ട്- 202081

എക്സിക്യൂട്ടീവ് ഓഫീസ്- 202026

ദേവസ്വം വിജിലൻസ്- 202058

ഗസ്റ്റ് ഹൗസ്- 202056

അക്കോമഡേഷൻ- 202049

പി.ആർ.ഒ- 202048

ലെയ്സൺ ഓഫീസർ- 202917

ഹെൽത്ത് ഇൻസ്പെക്ടർ- 202016

ഗവ. ആശുപത്രി (അലോപ്പതി)- 202101

ഗവ. ആശുപത്രി (ആയുർവേദം)- 202102

ഗവ. ആശുപത്രി (ഹോമിയോ)- 202843

സഹാസ് ആശുപത്രി- 202080

കാർഡിയോളജി സെന്റർ- 202050

പൊലീസ് സ്റ്റേഷൻ- 202014

ഫയർഫോഴ്സ്- 202033

പോസ്റ്റോഫീസ്- 202130

തന്ത്രി- 202907

@ പമ്പ

ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ- 202400

പമ്പ ഗസ്റ്റ് ഹൗസ്- 203441

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ- 2034412

ഗവ. ആശുപത്രി (അലോപ്പതി)- 203318

ഗവ. ആശുപത്രി (ആയുർവേദം)- 203523

ഹെൽത്ത് ഇൻസ്പെക്ടർ- 203316

കെ.എസ്.ആർ.ടി.സി- 203445

ഫയർഫോഴ്സ്- 203333

പോസ്റ്റോഫീസ്- 203330

പൊലീസ് സ്റ്റേഷൻ- 203412

പൊലീസ് കൺട്രോൾ റൂം- 203386

 കെ. എസ്. ആർ.ടി.സി സർവീസ്

ആദ്യഘട്ടത്തിൽ 467, രണ്ടാം ഘട്ടത്തിൽ 502

നിലയ്ക്കൽ- പമ്പ സർവീസിന് അര മിനിട്ട് ഇടവിട്ട് 200 ബസുകൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. ഇരുമുടിക്കെട്ടിൽ നിന്ന് ചന്ദനം, കർപ്പൂരം, പനിനീർ എന്നിവ ഒഴിവാക്കണമെന്ന് തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോർഡിനും ഭക്തർക്കും നിർദ്ദേശം നൽകി. പ്ളാസ്റ്റിക്കിൽ പൊതിയുന്ന ഒരു സാധനവും വേണ്ട.

മുൻ കെട്ട്: ഉണക്കലരി, നെയ് തേങ്ങ, ശർക്കര, വെറ്റില, അടയ്ക്ക, കാണിപ്പൊന്ന്. നിവേദ്യം നടത്തി തിരികെ കൊണ്ടുപോകാമെന്ന് ഉറപ്പുള്ളവർ മലര്, അവൽ, കദളിപ്പഴം എന്നിവ കരുതിയാൽ മതി.

പിൻ കെട്ട്: നിവേദ്യത്തിനുള്ള അരി, തേങ്ങ.

2. ഗണപതിഹോമം, അഷ്ടാഭിഷേകം, നെയ്യഭിഷേകം, ഉഷഃപൂജ, ഉച്ചപൂജ, നിത്യപൂജ, പുഷ്പാഭിഷേകം എന്നീ വഴിപാടുകൾക്ക് ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. നേരിട്ട് ടിക്കറ്റ് എടുക്കാൻ കൗണ്ടറുകൾ ഉണ്ടാകും.

3. പ്ളാസ്റ്റിക് സാഷകളിൽ ഷാമ്പൂ വില്പന ഹൈക്കോടതി വിലക്കി

4. സന്നിധാനം, പമ്പ, എരുമേലി എന്നിവിടങ്ങളിൽ രാസ കുങ്കുമം വില്പന നിരോധിച്ചു

പമ്പയിൽ പാർക്കിംഗ്

ചക്കുപാലത്തും പമ്പ ഹിൽടോപ്പിലും ചെറുവാഹനങ്ങൾ പാർക്ക് ചെയ്യാം. രണ്ടിടത്തുമായി രണ്ടായിരത്തോളം വാഹനങ്ങൾ ഉൾക്കൊള്ളും

ശുദ്ധജലം കുപ്പിയിൽ

പമ്പിയിൽ നിന്ന് മല കയറുന്നവർക്ക് ശുദ്ധജലം സ്റ്റീൽ കുപ്പിയിൽ നൽകും. 100 രൂപ ഡെപ്പോസിറ്റായി വാങ്ങും. കുപ്പി തിരികെ കൊടുക്കുമ്പോൾ പണം തിരിച്ചുകിട്ടും.

ദർശന സമയം

വൃശ്ചികം ഒന്നു മുതൽ (നവം.17)

പുലർച്ചെ മൂന്നിന് നട തുറക്കും

ഉച്ചയ്ക്ക് ഒന്നിന് നട അടയ്ക്കും

ഉച്ചകഴിഞ്ഞ് മൂന്നിന് നട തുറക്കും

രാത്രി 10.45ന് ഹരിവരാസനം

രാത്രി 11ന് നട അടയ്ക്കും

 ഓൺലൈൻ ബുക്കിംഗ് 70,000, തത്സമയ ബുക്കിംഗ് 20,000

 തത്സമയ ബുക്കിംഗ് കൗണ്ടറുകൾ: നിലയ്ക്കൽ, പമ്പ, എരുമേലി, വണ്ടിപ്പെരിയാർ, ചെങ്ങന്നൂർ