വ്യത്യസ്തനായ ഈ ബാർബർ ഇനി ജനപ്രതിനിധിയാവാനില്ല

Saturday 15 November 2025 12:08 AM IST

തൃശൂർ: ആഡംബര ജീവിതം നയിക്കുന്ന ജനപ്രതിനിധികൾക്കിടയിൽ 1,200 രൂപയുടെ പഴയ കീപാഡ് ഫോൺ മാത്രമുള്ള 'വ്യത്യസ്തനായൊരു ബാർബറാണ്" പി.വി.അനിൽ കുമാർ. തൃശൂർ കോർപ്പറേഷൻ വടൂക്കര ഡിവിഷനിലെ ഈ കൗൺസിലർ ഇനി മത്സരിക്കാനുമില്ല.

ഇനി ജനങ്ങൾക്കായി പ്രവർത്തിക്കാൻ പോയാൽ കുടുംബം പട്ടിണിയിലാകുമെന്ന് അനിൽകുമാർ പറയുന്നു. ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തെ പോറ്റുന്നത് രാവിലെ എട്ട് മുതൽ രാത്രി ഒൻപത് വരെ ബാർബർ ഷോപ്പിൽ പണിയെടുത്താണ്. രണ്ടര പതിറ്റാണ്ടായി മുടിവെട്ടുകാരനാണെങ്കിലും സ്വന്തമായി ബാർബർ ഷോപ്പില്ല, ആൻഡ്രോയ്ഡ് ഫോണുമില്ല.

സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗവും നിലവിൽ വടൂക്കര ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 757 വോട്ടുകൾക്കാണ് ജയിച്ചത്.

കഷ്ടപ്പാടുകളുടെ ജീവിതം

വടൂക്കര അയ്യപ്പൻകാവിനടുത്ത് വേലായുധൻ - മാധവി ദമ്പതികളുടെ മകനായ അനിൽ കുമാറിന് ദാരിദ്ര്യമായിരുന്നു എന്നും കൂട്ട്. അച്ഛൻ ബാർബറായിരുന്നു. അമ്മയ്ക്ക് ജോലിയില്ല. ഏഴാം ക്‌ളാസിൽ പഠനം നിറുത്തി ടയർ മോൾഡിംഗ് പണിക്ക് പോയി. വരുമാനമില്ലാത്തതിനാൽ കോയമ്പത്തൂരിൽ സ്വർണ്ണപ്പണിക്ക് പോയി.

പന്ത്രണ്ട് കൊല്ലം സ്വർണ്ണപ്പണിയെടുത്തെങ്കിലും കൂലിയില്ലാതായപ്പോൾ തിരികെ വന്ന് മുടിവെട്ട് തുടർന്നു. ഇരുപത്തിയഞ്ച് വർഷമായി ബാർബർ ഷോപ്പിൽ പണിക്കുപോകുന്നു. വടൂക്കര റെയിൽവേ ഗേറ്റിനടുത്ത്, രാജേന്ദ്ര ബാബുവിന്റെ ബാർബർ ഷോപ്പിലാണ് ജോലി. ഭാര്യ സീമ അങ്കണവാടി ഹെൽപ്പറാണ്. മക്കളായ ആര്യയും അബിൽമണിയും വിദ്യാർത്ഥികൾ.

``ജനപ്രതിനിധിയാവാൻ എന്റെ ജീവിതസാഹചര്യങ്ങൾ അനുവദിക്കുന്നില്ല.``

-പി.വി.അനിൽകുമാർ