പി.എം ശ്രീ മരവിപ്പിക്കൽ ഉപസമിതി ചേരണം, ഔദ്യോഗികമാക്കണം, ആവശ്യപ്പെടാൻ സി.പി.ഐ

Saturday 15 November 2025 12:11 AM IST

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുടെ തുടർഫണ്ട് ലഭിച്ചില്ലെങ്കിൽ ഉത്തരവാദിത്വം തനിക്കായിരിക്കില്ലെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവനയിൽ സി.പി.ഐയിൽ അമർഷം. സി.പി.ഐയെ വികസന വിരോധിയായി ചിത്രീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ എന്നാണ് മുതിർന്ന നേതാക്കളുടെ സംശയം. അതിനാൽ, പി.എം ശ്രീ പദ്ധതി മരവിപ്പിക്കാൻ കേന്ദ്രത്തിന് കത്തയച്ചത് ഇടതുമുന്നണിയുടെ കൂട്ടായ തീരുമാനമാണെന്ന് ഉറപ്പിക്കാൻ മന്ത്രിസഭാ ഉപസമിതി അടിയന്തരമായി യോഗം ചേരണമെന്ന് സി.പി.ഐ ആവശ്യപ്പെടും.

ഇക്കാര്യത്തിൽ സി.പി.ഐയെ മാത്രം പ്രതിക്കൂട്ടിലാക്കുന്നത് ഒഴിവാക്കി, ഉപസമിതി യോഗം ചേർന്ന് സർക്കാരിന്റെ ഔദ്യോഗിക തീരുമാനമാക്കി അത് മാറ്റണമെന്ന അഭിപ്രായമാണ് നേതാക്കൾക്കുള്ളത്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിനു മുൻപായി സി.പി.ഐ മന്ത്രിമാർ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ട് സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന് കത്തയച്ചത്.

അതിനു പിന്നാലെ, കേന്ദ്രഫണ്ട് ലഭിച്ചില്ലെങ്കിൽ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവർ അതിന് തയ്യാറാകണമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു. ഇതിലടക്കമാണ് സി.പി.ഐയ്ക്ക് അതൃപ്തി. മന്ത്രി ശിവൻകുട്ടി അദ്ധ്യക്ഷനായ ഉപസമിതിയിൽ മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, പി. രാജീവ്, പി.പ്രസാദ്, കെ.കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ എന്നിവരാണ് അംഗങ്ങൾ.

ഉപസമിതി ഒരിക്കൽപോലും യോഗം ചേരാതെയാണ് കേന്ദ്രത്തിന് കത്തയച്ചത്.

അഭിപ്രായങ്ങൾ

പരിഗണിക്കുന്നില്ല

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം സി.പി.ഐയുടെ അഭിപ്രായങ്ങളൊന്നും അംഗീകരിക്കുന്നില്ലെന്ന പരാതി നേതാക്കൾക്കുണ്ട്. തൃശൂർ പൂരം വിഷയത്തിൽ എ.ഡി.ജി.പി അജിത്കുമാറിനെതിരെ കർശന നടപടിയെടുക്കണമെന്ന ആവശ്യം പരിഗണിച്ചില്ല. ഇടതുമുന്നണി യോഗത്തിൽ വേണ്ടത്ര ചർച്ച ചെയ്യാതെ പാലക്കാട്ട് ബ്രൂവറി അനുവദിക്കാൻ തീരുമാനിച്ചു. സ്വകാര്യ സർവകലാശാലകൾക്ക് സംസ്ഥാനത്ത് അനുമതി നൽകരുതെന്ന സി.പി.ഐ നിലപാട് അംഗീകരിച്ചില്ലെന്നും പരാതിയുണ്ട്.