തദേശ തിരഞ്ഞെടുപ്പ് : ഹരിത ചട്ടം കർശനം

Saturday 15 November 2025 12:26 AM IST

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഹരിത മാർഗനിർദേശം പുറത്തിറക്കി. പ്രചാരണം മുതൽ പോളിംഗ് ബൂത്ത് വരെയും പ്ലാസ്റ്റിക് ഒഴിവാക്കി പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കാനാണ് നിർദേശം. പ്രചരണത്തിന് ഉപയോഗിക്കുന്ന ബോർഡ്, ബാനർ, ഹോർഡിംഗ്, പോസ്റ്റർ എന്നിവയ്ക്ക് പി.വി.സി, ഫ്‌ളക്‌സ്, പോളിസ്റ്റർ, നൈലോൺ, കൊറിയൻ ക്ലോത്ത് തുടങ്ങിയ പ്ലാസ്റ്റിക് അടങ്ങിയ വസ്തുക്കൾ ഉപയോഗിക്കാൻ പാടില്ല. മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫൈ ചെയ്ത പേപ്പർ, നൂറ് ശതമാനം കോട്ടൺ, ലിനൻ പോലെ പുനഃരുപയോഗിക്കാവുന്ന വസ്തുക്കൾ ഉപയോഗിക്കണം. നിർദേശങ്ങൾ ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. പ്രചാരണ വസ്തുക്കളിൽ ക്യു ആർ കോഡ് പി.വി.സി ഫ്രീ ലോഗോ, പ്രിന്ററുടെ വിശദാംശങ്ങൾ എന്നിവ രേഖപ്പെടുത്തണം. വിതരണക്കാരും അച്ചടിശാലകളും പ്ലാസ്റ്റിക് ഉള്ള സാമഗ്രികൾ ശേഖരിക്കാനോ അച്ചടിക്കാനോ പാടില്ല. റാലി, കൺവെൻഷൻ, പദയാത്ര, പരിശീലനം തുടങ്ങിയ പ്രചാരണ പരിപാടിയിൽ തെർമോക്കോൾ, സ്റ്റിറോഫോം, പ്ലാസ്റ്റിക് ആവരണമുള്ള കപ്പ്, ഡിസ്‌പോസിബിൾ പാത്രങ്ങൾ എന്നിവ പാടില്ല. ഭക്ഷണം വാഴയിലയിലോ സ്റ്റീൽ, സെറാമിക് പാത്രങ്ങളിലോ നൽകണം. പ്ലാസ്റ്റിക് കുപ്പികളും പാഴ്‌സൽ കവറുകളും പാടില്ല. വോട്ടർമാർ വോട്ടർ സ്ലിപ്പ് പോളിംഗ് ബൂത്ത് പരിസരത്ത് ഉപേക്ഷിക്കരുത്. മാലിന്യങ്ങൾ തരംതിരിച്ചു ശേഖരിച്ചു ശാസ്ത്രീയമായി സംസ്‌കരിക്കണം. പ്രചരണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ വോട്ടെടുപ്പ് കഴിഞ്ഞ് ഉടൻ തന്നെ ഹരിത കർമ സേനയ്ക്ക് നൽകണം. നിർദിഷ്ട സമയത്തിനുള്ളിൽ നീക്കിയില്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങൾ അവ നീക്കം ചെയ്ത് സ്ഥാനാർത്ഥിയിൽ നിന്ന് ചെലവ് ഈടാക്കണം. റാലി, റോഡ് ഷോ തുടങ്ങിയവയ്ക്ക് ശേഷം സ്ഥലം വൃത്തിയാക്കേണ്ട ചുമതല പരിപാടി നടത്തിയ രാഷ്ട്രീയ പാർട്ടിക്ക് ആയിരിക്കും.