സംസ്കൃത പിഎച്ച്.ഡി: തുടർനടപടി സിൻഡിക്കേറ്റ് തീരുമാനിക്കും

Saturday 15 November 2025 12:28 AM IST

തിരുവനന്തപുരം: കേരള സർവകലാശാലയിലെ സംസ്കൃത പിഎച്ച്.ഡി വിവാദത്തിൽ തുടർനടപടികൾ 18ന് ചേരുന്ന സിൻഡിക്കേറ്റ് തീരുമാനിക്കും. വിപിൻ വിജയന്റെ ഗവേഷണ പ്രബന്ധത്തിന്റെ ഓപ്പൺ ഡിഫൻസിന്റെ ചെയർമാനായിരുന്ന അലഹാബാദ് പ്രയാഗ് രാജ് സർവകലാശാലയിലെ പ്രൊഫസർ അനിൽ പ്രതാപ് ഗിരി പിഎച്ച്.ഡി നൽകാവുന്നതാണെന്ന് ശുപാർശ ചെയ്തിരുന്നു. എന്നാൽ വകുപ്പ് മേധാവിയും ഡീനുമായ ഡോ.വിജയകുമാരി ഒപ്പിടാൻ വിസമ്മതിച്ചു. ബിരുദം നൽകരുതെന്ന് വി.സിക്ക് കത്തും നൽകി. പുതിയ റഗുലേഷൻ പ്രകാരം ഇവർ രണ്ടുപേരും ഗൈഡും ഒപ്പിട്ടാലേ ഗവേഷണ ബിരുദത്തിനായി പരിഗണിക്കൂ. ഇതിലൊരാൾ ഒപ്പിട്ടെങ്കിൽ എന്ത് ചെയ്യണമെന്ന് സർവകലാശാല റഗുലേഷനിൽ പറയുന്നില്ലെന്നാണ് റിസർച്ച് ഡയറക്ടർ വി.സിയെ അറിയിച്ചത്. ഇതോടെയാണ് വി.സി തീരുമാനം സിൻഡിക്കേറ്റിന് വിട്ടത്.