പ്രതിബന്ധം പണം മാത്രം പവർലിഫ്റ്റിംഗിൽ പവർഫുളാണ് ഗൗരി കൃഷ്‌ണ

Friday 14 November 2025 11:31 PM IST

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തകർത്തെറിഞ്ഞ് പവർലിഫ്‌റ്റിംഗിൽ പവർഫുൾ നേട്ടങ്ങളുമായി മിന്നിത്തിളങ്ങുകയാണ് തിരുവനന്തപുരം സ്വദേശി ഗൗരി കൃഷ്ണ. സംസ്ഥാന സ്കൂൾ പവർലിഫ്‌റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സബ്‌ജൂനിയർ വിഭാഗത്തിൽ ഹാട്രിക്ക് സ്വർണ നേട്ടം സ്വന്തമാക്കിയ ഗൗരി കൃഷ്‌ണ ദേശീയ പവർലിഫ്‌റ്രിംഗ് ചാമ്പ്യൻഷിപ്പിലും നിരവധി മെഡലുകൾ നേടിയിട്ടുണ്ട്.

ഓട്ടോ ഡ്രൈവറായ പിതാവ് രാധാകൃഷ്ണൻ വീടെന്ന സ്വപ്നം മാറ്റിവച്ച് ഇല്ലായ്മകളിൽ നിന്ന് സ്വരുക്കൂട്ടിയും പലിശയ്‌ക്ക് എടുത്തുമാണ് ഗൗരിയ്‌ക്ക് പരിശീലനത്തിനും കോസ്റ്റ്യൂമിനും ഡയറ്റിനും മത്സരങ്ങൾക്കുമായി പണം കണ്ടെത്തുന്നത്. മികച്ച ക്രിക്കറ്റ് താരമായിരുന്നെങ്കിലും ജീവിത പ്രാരാബ്ദങ്ങൾ കാരണം കളി ഉപേക്ഷിക്കേണ്ടി വന്ന രാധാകൃഷ്ണൻ മകൾക്ക് തന്റെ ഗതി വരരുതെന്ന വാശിയിലാണ്. മാസം 10,​000 രൂപയോളം ഗൗരിക്ക് വേണ്ടിവരുന്നുണ്ട്. തിരുവനന്തപുരം പേട്ടയിലാണ് ഗൗരിയും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന ത്. കോട്ടൺ ഹിൽ ഹേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ഗൗരി കൃഷ്ണ. മത്സരങ്ങളിൽ പങ്കെടുക്കാനും മറ്രും പോകുമ്പോൾ മിസാവുന്ന ക്ലാസുകൾ ഗൗരിക്ക് സ്കൂൾ അധികൃതർ പ്രത്യേകം എടുത്ത് കൊടുക്കാറുണ്ട് . ഷീജയാണ് ഗൗരിയുടെ അമ്മ. സഹോദരൻ സായി കൃഷ്‌ണ (എട്ടാം ക്ലാസ് വിദ്യാർത്ഥി).

ഷോട്ട്‌പുട്ടിൽ നിന്ന് പവർ ലിഫ്‌റ്റിംഗിലേക്ക്

നേരത്തേ സ്കൂൾ തലത്തിൽ ഷോട്ട് പുട്ട് മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട് ഗൗരികൃഷ്‌ണ. ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂളിലാണ് അഞ്ചാം ക്ലാസ് മുതൽ പത്ത് വരെ പഠിച്ചത്. അവിടത്തെ പി.ടി ടീച്ചർ ആതിരയാണ് മൂന്ന് വർഷം മുൻപ് പവർലിഫ്‌റ്റിംഗിലേക്ക്ത് മാറ്റിയത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റീജീണൽ കോച്ചിംഗ് സെന്ററിൽ പവർലിഫ്‌റ്റിംഗിലെ മുൻ ദേശീയ ചാമ്പ്യൻകൂടിയായ ജോസിന്റെ കീഴിലാണ് പരിശീലനം.

സ്വന്തമായി വാങ്ങാൻ പണമില്ലാത്തതിനാൽ സ്യൂട്ടും ബാൻഡേജും ബെൽറ്റുമെല്ലാം വാടകയ്ക്ക് എടുത്താണ് ഗൗരി മത്സരങ്ങളിൽ പങ്കെടുക്കുന്നതും മെഡലുകൾ നേടുന്നതും. ഇവയെല്ലാം സ്വന്തമായി വാങ്ങണമെങ്കിൽ ഒരു ലക്ഷം രൂപയോളം ചിലവ് വരും. പവർലിഫ്‌റ്റിംഗിൽ ലോകവേദികളിൽ രാജ്യത്തിന്റെ അഭിമാനമാകാൻ പ്രതിഭയുള്ള താരമായ ഗൗരിക്ക് പണം മാത്രമാണ് തടസമായി നിൽക്കുന്നത്.