9 വർഷം; 125 ആദിവാസികളെ കൊന്ന് വന്യജീവികൾ
കോഴിക്കോട്: വന്യമൃഗാക്രമണത്തിൽ ഒൻപത് വർഷത്തിനിടെ പൊലിഞ്ഞത് 125 ആദിവാസി ജീവനുകൾ. ഗുരുതരമായി പരിക്കേറ്റത് 101 പേർക്ക്. 2016 മുതൽ ഇക്കഴിഞ്ഞ സെപ്തംബർ വരെയുള്ള വനംവകുപ്പിന്റെ കണക്കാണിത്. എണ്ണം ഓരോ വർഷവും വർദ്ധിക്കുകയാണ്.
വനവിഭവം ശേഖരിക്കാൻ കാടുകയറിയവരും വനാതിർത്തിയിൽ താമസിക്കുന്നവരുമാണ് ഇരകൾ. ഈ വർഷം മാത്രം 16 പേർ മരിച്ചു. കടുവ, പാമ്പ്, ആന തുടങ്ങിവയുടെ ആക്രമണത്തിലാണ് ഭൂരിഭാഗംപേരും മരണപ്പെട്ടത്. വന്യമൃഗശല്യം തടയുന്നതിനായി മിഷൻ ഫുഡ്, ഫോഡർ ആൻഡ് വാട്ടർ, വനപ്രദേശങ്ങളിലെ അടിക്കാടുകൾ വെട്ടി സഞ്ചാരപാത തെളിക്കൽ തുടങ്ങി പദ്ധതികൾ പലതും പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കിയിട്ടില്ല. ജനവാസ മേഖലകളിലേക്ക് വരുന്ന കാട്ടാനകളെ ശബ്ദവും വെളിച്ചവും കൊണ്ട് ഓടിക്കുന്ന അനിഡേർസ് അലാറം സിസ്റ്റവും പാളി.
കാടിറങ്ങി 1039 കുടുംബങ്ങൾ
വന്യജീവികളുടെ ആക്രമണം ഭയന്ന് 10 വർഷത്തിനിടെ കാടിറങ്ങിയത് 1039 ആദിവാസി കുടുംബങ്ങളാണ്. സ്വയം കാട്ടിൽ നിന്ന് മാറാൻ തയാറുള്ളവരെയാണ് സർക്കാർ പുനരധിവസിപ്പിക്കുന്നത്. കിഫ്ബി, റീബിൽഡ് കേരള എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് പുനരധിവാസം.1039ൽ 802 കുടുംബങ്ങളെ പൂർണമായും 237 കുടുംബത്തെ ഭാഗികമായും പുനരധിവസിപ്പിച്ചു. 138.075 കോടി രൂപയാണ് ഇതുവരെ ചെലവിട്ടത്.
കൊല്ലപ്പെട്ടവർ
2016– 9 2017– 10 2018– 11 2019– 11 2020– 15 2021– 15 2022– 11 2023– 15 2024– 12 2025– 16 (സെപ്തംബർ വരെ)