ഗർഡർ വീണ് മരണം: നഷ്ടപരിഹാരം കൈമാറിയില്ല
Saturday 15 November 2025 12:35 AM IST
ആലപ്പുഴ: അരൂർ- തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ വീണ് മരിച്ച പിക്കപ്പ് വാൻ ഡ്രൈവർ പള്ളിപ്പാട് സ്വദേശി സി.ആർ.രാജേഷിന്റെ (47) കുടുംബത്തിന് കരാർ കമ്പനി നൽകുമെന്ന് അറിയിച്ച 25 ലക്ഷം രൂപ നഷ്ടപരിഹാരം ഇന്നലെ കൈമാറിയില്ല. കാർത്തികപ്പള്ളി തഹസിൽദാറിന്റെ സാന്നിദ്ധ്യത്തിൽ പണം നൽകാനായിരുന്നു ധാരണ. എന്നാൽ, തഹസിൽദാർക്ക് ഇതുസംബന്ധിച്ച അറിയിപ്പ് കമ്പനിയിൽ നിന്ന് ലഭിച്ചിട്ടില്ല.
അതേസമയം, കമ്പനി പ്രതിനിധി ഇന്നലെ രാജേഷിന്റെ കുടുംബത്തെ ബന്ധപ്പെട്ട് പണം കൈമാറുന്നതിനാവശ്യമായ രേഖകൾ വാങ്ങി. രാജേഷിന്റെ മരണാനന്തര ചടങ്ങുകൾക്കായി 40,000 രൂപ കമ്പനി വ്യാഴാഴ്ച നൽകിയിരുന്നു. അധികം വൈകാതെ നഷ്ടപരിഹാരം കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രാജേഷിന്റെ കുടുംബം പറഞ്ഞു. സി.പി.ഐ ദേശീയ കൗൺസിൽ അംഗം ടി.ജെ.ആഞ്ചലോസ് രാജേഷിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.