എസ്.ഐ.ആർ മാറ്റാൻ ഹർജി: ഇടപെടാതെ ഹൈക്കോടതി

Saturday 15 November 2025 12:37 AM IST

□സംസ്ഥാനത്തിന് സുപ്രീംകോടതിയെ സമീപിക്കാം

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ) മാറ്റിവയ്‌ക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിൽ ഹൈക്കോടതി ഇടപെട്ടില്ല.

എസ്.ഐ.ആറുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളുടെ കേസ് സുപ്രീംകോടതിയിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിനും സുപ്രീംകോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കി. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ഹർജി കേൾക്കുന്നത് അനുചിതമാകുമെന്ന് വ്യക്തമാക്കി സിംഗിൾ ബെഞ്ച് ഹർജി തീർപ്പാക്കി. അവിടത്തെ തീർപ്പിന് വിധേയമായി ആവശ്യമെങ്കിൽ സർക്കാരിന് ഹൈക്കോടതിയെ സമീപിക്കാം.രണ്ട് ദൗത്യത്തിനും ഉദ്യോഗസ്ഥരെ ഒരേസമയം വിന്യസിക്കുന്നത് ഭരണ സ്തംഭനമുണ്ടാക്കുമെന്നായിരുന്നു സർക്കാരിന്റെ വാദം. തിരഞ്ഞെടുപ്പ് നടപടികൾക്ക് 1,76,000 ഉദ്യോഗസ്ഥരെയും 68,000 സുരക്ഷാ ഭടന്മാരെയുമാണ് നിയോഗിച്ചിരിക്കുന്നത്. വോട്ടർ പട്ടിക പുതുക്കാൻ 25,668 ഉദ്യോഗസ്ഥരെ വേറെയും നിയോഗിച്ചിട്ടുണ്ട്.