ഈഡനിൽ ഇടിമുഴക്കം

Friday 14 November 2025 11:40 PM IST

ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക 159 റൺസിന് ആൾഔട്ട്, ഇന്ത്യ 37/1

ജസ്പ്രീത് ബുംറയ്ക്ക് അഞ്ചുവിക്കറ്റ്

കൊൽക്കത്ത : ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യയ്ക്ക് ഇടിവെട്ട് തുടക്കം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 159 റൺസിന് ആതിഥേയർ ആൾഔട്ടാക്കി. മറുപടിക്കിറങ്ങിയ ഇന്ത്യ വെളിച്ചക്കുറവുമൂലം നേരത്തേ കളിനിറുത്തുമ്പോൾ 37/1 എന്ന നിലയിലാണ്.

അഞ്ചുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സിറാജും കുൽദീപ് യാദവും ഒരു വിക്കറ്റ് നേടിയ അക്ഷർ പട്ടേലും ചേർന്നാണ് ദക്ഷിണാഫ്രിക്കയെ ഒതുക്കിയത്.31 റൺസ് നേടിയ എയ്ഡൻ മാർക്രമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്ക് യശസ്വി ജയ്സ്വാളിന്റെ (12) വിക്കറ്റാണ് നഷ്ടമായത്. കളിനിറുത്തുമ്പോൾ കെ.എൽ രാഹുലും (13) വാഷിംഗ്ടൺ സുന്ദറു(6)മാണ് ക്രീസിൽ.

സ്പെഷ്യലിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവിനെയും സ്പിൻ ആൾറൗണ്ടർമാരായി രവീന്ദ്ര ജഡേജയേയും അക്ഷർ പട്ടേലിനെയും വാഷിംഗ്ടൺ സുന്ദറിനെയും പേസർമാരായി ബുംറയേയും സിറാജിനെയും ഉൾപ്പെടുത്തിയാണ് ഇന്ത്യ പ്ളേയിംഗ് ഇലവനൊരുക്കിയത്. റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി തിരിച്ചെത്തിയതോടെ സായ് സുദർശന് ബെഞ്ചിലിരിക്കേണ്ടിവന്നു.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ പത്തോവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 50 കടക്കാനായെങ്കിലും 11-ാം ഓവറിൽ ബുറംയിൽ നിന്ന് ആദ്യ ആഘാതമേൽക്കേണ്ടിവന്നു. മനോഹരമായ ഒരു ഗുഡ്ലെംഗ്ത് ബാളിലൂടെ റയാൻ റിക്കിൾട്ടണിന്റെ (23) ഓഫ് സ്റ്റംപ് ചലിപ്പിക്കുകയായിരുന്നു ബുംറ. 13-ാം ഓവറിൽ സഹ ഓപ്പണർ എയ്ഡൻ മാർക്രമിന്റെ (31) ചെറുത്തുനിൽപ്പും ബുംറ അവസാനിപ്പിച്ചു. വിക്കറ്റിന് പിന്നിൽ റിഷഭിന്റെ സിംപിൾ ഡൈവിംഗ് ക്യാച്ച്. പകരമെത്തിയ നായകൻ ടെംപ ബൗമ (3) അധികം വൈകാതെ കുൽദീപിന്റെ കെണിയിൽ വീണു. കുത്തിത്തിരിഞ്ഞ പന്ത് ബൗമയുടെ ബാറ്റിൽ എഡ്ജ് ചെയ്തുയർന്ന് ലെഗ് സ്ളിപ്പിലുണ്ടായിരുന്ന ജുറേലിന്റെ കയ്യിലേക്ക് വീഴുകയായിരുന്നു. നായകനും മടങ്ങിയതോടെ സന്ദർശകർ 75/3 എന്ന നിലയിലായി.

തുടർന്ന് മുൾഡറും (24) ടോണി ഡി സോർസിയും (24) ചേർന്ന് ചെറുത്തുനിന്നു. 105/3ന് ലഞ്ചിന് പിരിഞ്ഞു. ലഞ്ചിന് ശേഷം മുൾഡറെ എൽ.ബിയിൽ കുരുക്കി കുൽദീപ് വീണ്ടും തിളങ്ങി.വൈകാതെ ടോണിയെ ബുംറയും വിക്കറ്റിന് മുന്നിൽ കുരുക്കി. തുടർന്ന് സിറാജിന്റെയൂഴമായിരുന്നു. ഒരേ ഓവറിൽ മൂന്നുപന്തുകളുടെ ഇടവേളയിൽ സിറാജ് കൈൽ വെറാനേയേയും (16), മാർക്കോ യാൻസനെയും (0) കൂടാരം കയറ്റി. വെറാനെ എൽ.ബിയായപ്പോൾ യാൻസന്റെ ബാറ്റിനും പാഡിനുമിടയിലെ വിടവിലൂടെ പാഞ്ഞ പന്ത് സ്റ്റംപിൽ കയറുകയായിരുന്നു. 52-ാം ഓവറിൽ അക്ഷർ പട്ടേൽ കോർബിൻ ബോഷിനെ (3) എൽ.ബിയിൽ കുരുക്കിയതോടെ 154/8 എന്ന സ്കോറിന് ചായയ്ക്ക് പിരിഞ്ഞു. ചായയ്ക്ക് ശേഷം അഞ്ചുറൺസ് കൂടി നേടിയപ്പോഴേക്കും ഹാർമറെയും(5) കേശവ് മഹാരാജിനെയും (0) ഒരേ ഓവറിൽ പുറത്താക്കി ബുംറ അഞ്ചുവിക്കറ്റ് തികച്ചു.

കീപ്പ് ഇറ്റ് അപ്പ് !

പരിക്ക് കഴിഞ്ഞ് മടങ്ങിയെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനെയും മികച്ച ഫോമിലുള്ള കീപ്പർ ധ്രുവ് ജുറേലിനെയും പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ടെസ്റ്റിൽ മുമ്പ് ഗ്ളൗസണിഞ്ഞിട്ടുള്ള കെ.എൽ രാഹുലും ചേർന്നപ്പോൾ ഇന്ത്യൻ നിരയിലെ വിക്കറ്റ് കീപ്പർമാരുടെ എണ്ണം മൂന്നായിരുന്നു.