കരൾ പകുത്തു നൽകിയ ഷൈജു സ്ഥാനാർത്ഥി
Saturday 15 November 2025 12:01 AM IST
തൃശൂർ: വിജയിക്കുമെന്ന് നല്ല കരളുറപ്പോടെ മത്സരിക്കാനിറങ്ങി ഷൈജു സായിറാം.
കരൾ മാറ്റിവയ്ക്കാൻ സഹായം ചോദിച്ചെത്തിയപ്പോൾ കരൾ തന്നെ പകുത്തു നൽകിയ ഷൈജു തൃശൂർ ജില്ലാ പഞ്ചായത്തിലേക്ക് താന്ന്യം ഡിവിഷനിൽ നിന്നുള്ള യു.ഡി.എഫ് സ്ഥാനാർത്ഥിയാണ്.
ഒരു വർഷം മുമ്പാണ് ഷൈജു കരൾ പകുത്തു നൽകി ശ്രദ്ധേയനായത്. വ്യാപാര സ്ഥാപനം നടത്തുന്ന ഷൈജുവിന്റെയടുത്ത് കരൾ മാറ്റിവയ്ക്കുന്നയാളുടെ ബന്ധു സഹായം ചോദിച്ചെത്തിയപ്പോൾ കരൾ തന്നെ തരാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. ആദ്യം ബന്ധു വിശ്വസിച്ചില്ലെങ്കിലും പിന്നീടത് യാഥാർത്ഥ്യമാണെന്ന് ബോദ്ധ്യപ്പെട്ടു, കരൾ നൽകുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായി മാസങ്ങളുടെ വിശ്രമത്തിന് ശേഷമാണ് ഷൈജു വീണ്ടും പാർട്ടി പ്രവർത്തനത്തിനിറങ്ങിയത്.