ലതീഷ് ബി.ചന്ദ്രനെ സി.പി.എമ്മിൽ തിരിച്ചെടുത്തു

Saturday 15 November 2025 12:03 AM IST

ആലപ്പുഴ: മുഹമ്മ കണ്ണർകാട്ടെ കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ പ്രതി ചേർക്കപ്പെടുകയും പിന്നീട് കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിടുകയും ചെയ്ത ലതീഷ് ബി.ചന്ദ്രനെ സി.പി.എം തിരിച്ചെടുത്തു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫംഗം കൂടിയായിരുന്ന ലതീഷിനെ 11 വർഷങ്ങൾക്ക് ശേഷമാണ് പാർട്ടി തിരിച്ചെടുത്തത്.

മന്ത്രി സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ.നാസർ എന്നിവർ ഇടപെട്ടാണ് ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ലതീഷിനെ തിരിച്ചെടുക്കാൻ തീരുമാനമെടുത്തത്. മുഹമ്മ എസ്.എൻ.വി ബ്രാഞ്ച് അംഗമായി ലതീഷ് പ്രവർത്തിക്കും. 2013 ഒക്ടോബർ 13ന് പുലർച്ചെയായിരുന്നു മുഹമ്മ കണ്ണർകാടുള്ള കൃഷ്ണപിള്ള സ്മാരകം ആക്രമിക്കപ്പെട്ടത്. അന്ന് ഡി.വൈ.എഫ്.ഐ മാരാരിക്കുളം ഏരിയാ കമ്മിറ്റി ജോയിന്റ് സെക്രട്ടറിയായിരുന്ന ലതീഷായിരുന്നു ഒന്നാം പ്രതി. 2014 നവംബറിൽ അഞ്ച് പേരെയും പാർട്ടിയിൽ നിന്ന് പുറത്താക്കി. തെളിവുകളോ, ദൃക്സാക്ഷികളോ ഇല്ലാതിരുന്ന കേസിൽ എല്ലാ പ്രതികളെയും 2020 ജൂലായിൽ കോടതി വെറുതെ വിട്ടു.