കരുത്തായത് സ്വര്‍ണ വായ്പ; വമ്പന്‍ നേട്ടമുണ്ടാക്കി കേരളത്തിലെ കമ്പനി

Saturday 15 November 2025 12:04 AM IST

വിപണി മൂല്യം ഒന്നര ലക്ഷം കോടി രൂപ തൊട്ടു

കൊച്ചി: കേരളത്തിലാദ്യമായി ഒന്നര ലക്ഷം കോടി രൂപ വിപണി മൂല്യം കൈവരിച്ച് പ്രമുഖ ധനകാര്യ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് ചരിത്രം കുറിച്ചു. ഇന്നലെ കമ്പനിയുടെ ഓഹരി വില 3,755 രൂപ ഉയര്‍ന്നതോടെയാണ് വിപണി മൂല്യത്തില്‍ കുതിപ്പുണ്ടായത്. ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം 87 ശതമാനം ഉയര്‍ന്ന് 2,345 കോടി രൂപയിലെത്തി റെക്കാഡിട്ടതാണ് നിക്ഷേപകര്‍ക്ക് ആവേശം പകര്‍ന്നത്. ഇതോടെ കമ്പനിയുടെ ഓഹരി വില ഇന്നലെ പത്ത് ശതമാനത്തിനടുത്ത് കുതിച്ചു.

രാജ്യത്തെ ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ള കമ്പനികളുടെ പട്ടികയില്‍ അറുപതാം സ്ഥാനത്തേക്ക് മുത്തൂറ്റ് ഫിനാന്‍സ് ഇതോടെ ഉയര്‍ന്നു. ടാറ്റ മോട്ടോര്‍സ്, ബാങ്ക് ഒഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയ കമ്പനികളെയെല്ലാം പിന്നിലാക്കിയാണ് മുത്തൂറ്റ് ഫിനാന്‍സ് കുതിക്കുന്നത്. 2023 മാര്‍ച്ചില്‍ 900 രൂപ വരെ താഴ്ന്നതിന് ശേഷമാണ് തുടര്‍ച്ചയായി കമ്പനിയുടെ ഓഹരി വില പറന്നുയര്‍ന്നത്.

അനുകൂല ഘടകങ്ങള്‍

1. സ്വര്‍ണ വില കുതിച്ചതോടെ വായ്പാ വിതരണത്തില്‍ ഗണ്യമായ വര്‍ദ്ധന

2. 7,300ല്‍ അധികം ശാഖകളിലൂടെ വിപുലമായ ധനകാര്യ സേവനങ്ങള്‍

3. സ്വര്‍ണ പണയ വിപണിയില്‍ നൂറ് വര്‍ഷത്തിലധികം പരിചയ സമ്പത്ത്

4. ഉപഭോക്താക്കളുടെ വിശ്വാസവും മികച്ച ബ്രാന്‍ഡിംഗ് നടപടികളും

കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി

1,47,673 കോടി രൂപ

സ്വര്‍ണ പണയ വായ്പയില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ച

30-35 ശതമാനം

കേരളത്തിലെ വമ്പന്‍മാര്‍- കമ്പനി വിപണി മൂല്യം

മുത്തൂറ്റ് ഫിനാന്‍സ് : 149,571 കോടി രൂപ

ഫാക്ട് : 59,177 കോടി രൂപ

ഫെഡറല്‍ ബാങ്ക് : 58,124 കോടി രൂപ

കല്യാണ്‍ ജുവലേഴ്സ്: 51,163 കോടി രൂപ

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്: 45,389 കോടി രൂപ