കൊച്ചി ഡെപ്യൂട്ടി മേയർ അൻസിയ സി.പി.ഐ വിട്ടു
Saturday 15 November 2025 12:05 AM IST
കൊച്ചി: സീറ്റ് നിർണയത്തിൽ പ്രാദേശിക താത്പര്യങ്ങൾ പരിഗണിച്ചില്ലെന്നാരോപിച്ചും പാർട്ടി ജില്ലാ നേതൃത്വത്തിനെതിരെ വിമർശനങ്ങളുന്നയിച്ചും കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ സി.പി.ഐയിൽ നിന്ന് രാജിവച്ചു. മട്ടാഞ്ചേരി ആറാം വാർഡിലെ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയെ തുടർന്നാണിത്. മണ്ഡലം കമ്മിറ്റി ചേർന്ന് മൂന്നു പേരുടെ പാനലാണ് ജില്ലാ കമ്മിറ്റിക്ക് നൽകിയത്. ഇതിൽ പ്രാദേശിക നേതൃത്വം മുന്നോട്ട് വച്ചവരെ ഒഴിവാക്കി പാർട്ടി അംഗം പോലുമല്ലാത്ത ഒരാളെ ജില്ലാ നേതൃത്വം സ്ഥാനാർത്ഥിയാക്കിയെന്ന് അൻസിയ ആരോപിച്ചു. അതേസമയം, അൻസിയയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുൺ പറഞ്ഞു.