അവാർഡ്: 'ബൊഗേൻ വില്ല'യുടെ നിവേദനം പരിഗണിക്കണം

Saturday 15 November 2025 12:06 AM IST

കൊച്ചി: പോർട്ടൽ തകരാർ കാരണം 'ബൊഗേൻ വില്ല" സിനിമയ്‌ക്ക് 2024ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് അപേക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി നിർമ്മാതാക്കൾ നൽകിയ ഹർജിയിൽ 10 ദിവസത്തിനകം ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. അമൽ നീരദ് പ്രൊഡക്‌ഷൻസിന്റെ നിവേദനത്തിൽ തീരുമാനമെടുക്കാനാണ് ജസ്റ്റിസ് വി.ജി. അരുൺ വാർത്താവിതരണ മന്ത്രാലയത്തോട് നിർദ്ദേശിച്ചത്.

പുരസ്കാരത്തിന് അപേക്ഷിക്കാൻ ഒക്ടോബർ 31വരെയാണ് അവസരമുണ്ടായിരുന്നത്. എന്നാൽ അപേക്ഷാ നടപടികൾ പോർട്ടൽ തകരാർ കാരണം പൂർത്തിയാക്കാനായില്ലെന്നാണ് നിർമ്മാതാക്കൾ അറിയിച്ചത്. ഒക്ടോബർ 10ന് പോർട്ടൽ തുറന്നതാണെന്നും വ്യാപക പ്രചാരണം നൽകിയിരുന്നെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ പോർട്ടലിൽ പ്രശ്നമുണ്ടെന്ന് നിർമ്മാതാക്കൾ അറിയിച്ചിരുന്നതിനാൽ അത് പരിശോധിക്കണമെന്ന് കോടതി നിർദ്ദേശിക്കുകയായിരുന്നു.