പാലത്തായി പീഡനക്കേസ്: ബി.ജെ.പി നേതാവ് കുറ്റക്കാരൻ
തലശ്ശേരി: രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനക്കേസിൽ ബി.ജെ.പി പ്രാദേശിക നേതാവും അദ്ധ്യാപകനുമായ കെ.പദ്മരാജൻ (40) കുറ്റക്കാരനെന്ന് തലശ്ശേരി സ്‌പെഷ്യൽ പോക്‌സോ കോടതി കണ്ടെത്തൽ. ഇയാൾക്കെതിരെ ബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾ തെളിഞ്ഞു. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിട്ടുള്ളതെന്ന് ജഡ്ജി എം.ടി. ജലജറാണി കണ്ടെത്തി. ഇന്ന് വിധി പറയും.
2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം. പാലത്തായിയിലെ നാലാം ക്ലാസുകാരിയാണ് പീഡനത്തിനിരയായത്. പെൺകുട്ടിയെ സ്‌കൂളിലെ ശുചിമുറിയിൽ വച്ചും മറ്റൊരു വീട്ടിൽ വച്ചും പീഡിപ്പിച്ചു എന്നാണ് കേസ്. കടവത്തൂർ മുണ്ടത്തോടിലെ ബി.ജെ.പി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റായിരുന്ന പ്രതി, സംഘപരിവാർ അദ്ധ്യാപക സംഘടനയായ എൻ.ടി.യുവിന്റെ ജില്ലാ നേതാവുമായിരുന്നു.
2020 മാർച്ച് 16ന് കുട്ടിയുടെ കുടുംബം തലശ്ശേരി ഡിവൈ.എസ്.പിക്ക് പരാതി നൽകി. എന്നാൽ പാനൂർ പൊലീസ് ആദ്യ അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന നിഗമനത്തിലെത്തി. തുടർന്ന് പ്രതിക്കെതിരെ നടപടി എടുക്കാത്തതിൽ കടുത്ത പ്രതിഷേധം ഉയർന്നതോടെയാണ് പോക്‌സോ ചുമത്തി കേസെടുത്തത്. ഏപ്രിൽ 15ന് ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പദ്മരാജനെ അറസ്റ്റുചെയ്തു. പാനൂർ പൊലീസ് ആദ്യം സമർപ്പിച്ച കുറ്റപത്രത്തിൽ പോക്‌സോ വകുപ്പുകൾ ഒഴിവാക്കുകയും പ്രതിക്ക് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുകയും ചെയ്തത് വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. 2024 ഫെബ്രുവരി 23ന് തുടങ്ങിയ വിചാരണ 2025 ആഗസ്റ്റ് 13 വരെ തുടർന്നു. വിദ്യാർത്ഥിക്കായി അഭിഭാഷകൻ മുഹമ്മദ് ജുനൈസും പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എം. ഭാസുരിയും ഹാജരായി.