'ഹാൽ' സിനിമയ്ക്ക് ക്ലീൻ ചിറ്റ് ബീഫ് ബിരിയാണി ദൃശ്യം മാറ്റും

Saturday 15 November 2025 12:09 AM IST

കൊച്ചി: വിവേകമതികളായ സാധാരണ മനുഷ്യരുടെ കാഴ്ചപ്പാടിലാണ് സിനിമയെ സമീപിക്കേണ്ടതെന്നും 'ഹാൽ" സിനിമയുടെ കാര്യത്തിൽ സെൻസർ ബോർഡിന്റെ സമീപനം അതായിരുന്നില്ലെന്നും ഹൈക്കോടതി. സിനിമയ്‌ക്ക് 'എ" സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകാമെന്നും പല സീനുകളും ഒഴിവാക്കണമെന്നും നിർദ്ദേശിച്ച സെൻസർ ബോർഡിന്റെ തീരുമാനം റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ നിരീക്ഷണം.

ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളായ മതേതരത്വം, സാഹോദര്യം എന്നിവ മറികടക്കുന്ന സമീപനം സ്വീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.സെൻസർ ബോർഡ് നിർദ്ദേശിച്ചതു പ്രകാരം, ബീഫ് ബിരിയാണി കഴിക്കുന്ന സീനുകളടക്കം ഒഴിവാക്കാൻ തയ്യാറാണെന്ന് സിനിമയുടെ അണിയറ പ്രവർത്തകരായ ഹർജിക്കാർ അറിയിച്ചതും കണക്കിലെടുത്താണ് ഉത്തരവ്. സെൻസർ ബോർഡിന്റെ നോട്ടീസിൽ പറയുന്ന രണ്ട് കട്ടുകളോടെ സിനിമ വീണ്ടും അനുമതിക്കായി സമർപ്പിച്ചാൽ രണ്ടാഴ്ചയ്‌ക്കുള്ളിൽ സർട്ടിഫിക്കറ്റ് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ഷെയ്ൻ നിഗം നായകനായ ഹാൽ സിനിമയുടെ നിർമ്മാതാവ് ജൂബി തോമസും സംവിധായകൻ മുഹമ്മദ് റഫീഖും നൽകിയ ഹർജിയിലാണ് ഉത്തരവ്.

മുസ്ലിം യുവാവും ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. കോടതി സിനിമ കണ്ടിരുന്നു.ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾക്ക് അനുസൃതമാണ് സിനിമയെന്ന് കോടതി പറഞ്ഞു.