ശമ്പളം കൊടുക്കാനും നിവൃത്തിയില്ല: കുണ്ടറ താലൂക്ക് ആശുപത്രിക്ക് വൈദ്യുതി ബിൽ 2.25 ലക്ഷം
കൊല്ലം: താത്കാലിക ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ നിവൃത്തിയില്ലാത്ത കുണ്ടറ താലൂക്ക് ആശുപത്രിക്ക് രണ്ടേകാൽ ലക്ഷം വൈദ്യുതി ബിൽ. 76 കോടി ചെലവിൽ നിർമ്മിച്ച എട്ട് നില കെട്ടിടത്തിൽ ട്രാൻസ്ഫോർമർ സഹിതമുള്ള വൈദ്യുതി കണക്ഷനെടുത്തതോടെയാണ് താലൂക്ക് ആശുപത്രിയുടെ വൈദ്യുതി ബിൽ 60000 രൂപയിൽ നിന്ന് രണ്ടേകാൽ ലക്ഷത്തിലേക്ക് ഉയർന്നത്.
ആറുമാസം മുമ്പേ നിർമ്മാണം പൂർത്തിയായ പുതിയ കെട്ടിടത്തിൽ ആശുപത്രിയുടെ പ്രവർത്തനം തുടങ്ങിയിരുന്നെങ്കിൽ വരുമാനം ഉയർന്ന് വൈദ്യുതി ബില്ലും താത്കാലിക ജീവനക്കാർക്കുള്ള ശമ്പളവും കൃത്യമായി നൽകാമായിരുന്നു. കൂടുതൽ ഡോക്ടർമാരെയും പാരാ മെഡിക്കൽ ജീവനക്കാരെയും നിയമിച്ചാലെ പുതിയ കെട്ടിടത്തിലെ അത്യാധുനിക സൗകര്യങ്ങൾ പ്രവർത്തിപ്പിക്കാനാകൂ. ആരോഗ്യ വകുപ്പിൽ പുതുതായി സൃഷ്ടിക്കാൻ തീരുമാനിച്ചിട്ടുള്ള ഇരുനൂറ് ഡോക്ടർമാരിൽ കുറച്ചുപേരെ കുണ്ടറ താലൂക്ക് ആശുപത്രിക്കും ലഭിക്കുമെന്നാണ് പ്രതീക്ഷ.
കുണ്ടറ താലൂക്ക് ആശുപത്രിയുടെ വൈദ്യുതി ബിൽ അടയ്ക്കാൻ ബ്ലോക്ക് പഞ്ചായത്ത് നീക്കിവച്ച 7.20 ലക്ഷം രൂപയിൽ നിന്നാണ് ഇത്തവണത്തെ തുക അടച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പുതിയ നിയമനം നടത്തിയുള്ള ഉദ്ഘാടനം അടുത്തമാസം പകുതി വരെ നടക്കില്ല. ഇതോടെ വൈദ്യുതി ബിൽ അടയ്ക്കാൻ ബ്ലോക്ക് പഞ്ചായത്ത് നീക്കിവച്ചിട്ടുള്ള തുക ഡിസംബറിൽ തീരും. ആശുപത്രിയിലെ നേരിയ ഫീസുകളിൽ നിന്ന് എച്ച്.എം.സിക്ക് ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് താത്കാലിക ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. ആകെയുള്ള 26 താത്കാലിക ജീവനക്കാർക്ക് ഒക്ടോബറിലെ ശമ്പളം ഇതുവരെ നൽകിയിട്ടില്ല.
വേണം 14 പുതിയ ഡോക്ടർമാർ
പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയത് ആറ് മാസം വൈകി
14 ഡോക്ടർമാരെ പുതുതായി നിയമിക്കണം
സർജൻ, ഗൈനക്കോളജിസ്റ്റ്, ഓത്തോപീഡീഷ്യൻ എന്നീ മൂന്ന് സ്പെഷ്യലിസ്റ്റുകൾ
ഇ.എൻ.ടി, നാല് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, ആറ് സർജൻ
എങ്കിലേ പുതിയ രണ്ട് ഓപ്പറേഷൻ തീയേറ്ററുകളും കാഷ്വാലിറ്റിയും സുഗമമായി പ്രവർത്തിപ്പിക്കാനാകൂ
ഇതിന് പുറമേ കുറഞ്ഞത് 14 പാരാമെഡിക്കൽ ജീവനക്കാരും വേണം
പുതിയ സമുച്ചയത്തിൽ
കിടക്കകളുള്ള പേ വാർഡ്-150 ഓപ്പറേഷൻ തീയേറ്റർ-2 ഐ.സി.യു-4 ജനറൽ പേവാർഡ് സ്‌കാനിംഗ് കേന്ദ്രം ലബോറട്ടറി മോർച്ചറി
ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും അടിയന്തരമായി നിയമിച്ചെങ്കിൽ മാത്രമേ ആശുപത്രിയുടെ പ്രവർത്തനം പൂർണതോതിൽ പ്രയോജനപ്പെടുത്താനാകൂ.
ആശുപത്രി അധികൃതർ