ജോലിയിൽ പ്രവേശിച്ചശേഷം ഒഴിവില്ലെന്ന് നിയമ വകുപ്പ്
തിരുവനന്തപുരം: ലീഗൽ അസിസ്റ്റന്റ് തസ്തികയിൽ നിയമന ഉത്തരവുമായെത്തി ജോയിൻ ചെയ്ത ഏഴ് ഉദ്യോഗാർത്ഥികളോട് ഇപ്പോൾ ഒഴിവില്ല, ആറുമാസം കഴിഞ്ഞ് വരാൻ സെക്രട്ടേറിയറ്റിലെ നിയമ വകുപ്പിന്റെ വിചിത്ര നിർദ്ദേശം. അതുവരെ ശമ്പളവുമില്ല. ജോയിൻ ചെയ്ത സമയം മുതൽ സർവീസ് തുടങ്ങിയതായി കണക്കാക്കപ്പെടുമെന്നിരിക്കെ ഇത് ഗുരുതര പിഴവാണെന്നാണ് ആരോപണം. വകുപ്പിന്റെ നടപടിയിൽ അമ്പരന്ന ഉദ്യോഗാർത്ഥികൾ നീതിക്കായി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാൻ ഒരുങ്ങുകയാണ്.
പി.എസ്.സി വഴി കിട്ടിയ ജോലിയിൽ പൊതുഭരണ വകുപ്പ് നൽകിയ നിയമന ഉത്തരവുമായെത്തി നവംബർ ഒന്നിന് ജോയിൻ ചെയ്ത ഉടനെയാണ് വകുപ്പിന്റെ അസാധാരണ നടപടി. പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത ഒഴിവുപ്രകാരം നിയമന ഉത്തരവ് നൽകിയശേഷം ഒഴിവില്ലാതാകുന്നത് എങ്ങനെയെന്നാണ് ചോദ്യം. എന്നാൽ, ഒഴിവുകൾ റിപ്പോർട്ട് ചെയ്തശേഷം പുനർവിന്യാസത്തിലൂടെ അവ നികത്തിയെന്നും അക്കാര്യം പി.എസ്.സിയെ അറിയിക്കുന്നതിലുണ്ടായ അഡ്മിനിസ്ട്രേറ്രീവ് പിഴവാണെന്നുമാണ് വകുപ്പിന്റെ വിശദീകരണം.
സെക്രട്ടേറിയറ്റ് ലീഗൽ അസിസ്റ്റന്റ് തസ്തികയിലേക്ക് 2020ൽ പി.എസ്.സി വിജ്ഞാപനമിറക്കി. 2021ൽ പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അതിൽപ്പെട്ട ഏഴ് ഉദ്യോഗാർത്ഥികൾക്കാണ് ഈ ദുർഗതി. ആറുമാസത്തിനു ശേഷം ഒഴിവ് വരുമ്പോൾ അറിയിക്കാമെന്നാണ് നിയമ വകുപ്പ് പറഞ്ഞിരിക്കുന്നത്.
ശമ്പളം നിഷേധിക്കാനാവില്ല
സർവീസിൽ പ്രവേശിക്കാൻ ഉദ്യോഗാർത്ഥികൾ ജോയിനിംഗ് റിപ്പോർട്ടടക്കം എഴുതി നൽകിയ ശേഷം ഒഴിവില്ലെന്ന നിയമവകുപ്പിന്റെ മറുപടി ഗുരുതര പിഴവാണ്. ജോയിൻ ചെയ്തു കഴിഞ്ഞാൽ മറ്റു കാരണങ്ങളില്ലെങ്കിൽ ശമ്പളം നിഷേധിക്കാനുമാവില്ല. അതിനാൽ, ഇത് നിയമപരമായി ചോദ്യം ചെയ്യപ്പെടും. അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.