ജലജന്യരോഗം തടയാൻ ക്യാമ്പയിൻ: ക്ലോറിനേറ്റ് ചെയ്തത് 4.8 ലക്ഷം കിണറുകൾ
കൊല്ലം: സുരക്ഷിത ജലലഭ്യതയും ജലജന്യ രോഗപ്രതിരോധവും ലക്ഷ്യമിട്ട് ഹരിതകേരളം മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന ‘ജലമാണ് ജീവൻ’ ക്യാമ്പയിന്റെ ഭാഗമായി ഇതുവരെ ജില്ലയിൽ 4.8 ലക്ഷം കിണറുകളിൽ ക്ലോറിനേറ്റ് ചെയ്തു.
ആഗസ്റ്റ് അവസാനത്തോടെയാണ് ജില്ലയിൽ ക്യാമ്പയിൻ ആരംഭിച്ചത്. അമീബിക് മസ്തിഷ്ക ജ്വരം പോലെയുള്ള മാരക രോഗങ്ങൾക്ക് കാരണമാകുന്ന സൂക്ഷ്മജീവികളെ പ്രതിരോധിക്കാനാണ് ആദ്യഘട്ടത്തിൽ നടപടി. പൊതുകിണറുകളും ഇതിന്റെ ഭാഗമായി ക്ലോറിനേറ്റ് ചെയ്യും.
കിണറുകളിൽ നിലവിലുള്ള ജലത്തിന്റെ അളവ് അനുസരിച്ച് ശാസ്ത്രീയമായ ക്ലോറിനേഷനാണ് നടത്തുന്നത്. ഇതിനാവശ്യമായ ബ്ലീച്ചിംഗ് പൗഡർ/ക്ലോറിൻ ഗുളികകൾ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് ലഭ്യമാക്കുന്നത്. അതത് സ്ഥലങ്ങളിലെ മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയവർ ക്ലോറിനേഷൻ പ്രവർത്തനങ്ങൾക്ക് വിദഗ്ദ്ധ ഉപദേശം നൽകും.
പൈപ്പ് വെള്ളം ഉപയോഗിക്കുന്നവർ അത് സംഭരിക്കാൻ ഉപയോഗിക്കുന്ന ടാങ്കുകളും ക്ലോറിനേറ്റ് ചെയ്യണം. ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മസേന, തൊഴിലുറപ്പ് തൊഴിലാളികർ, സന്നദ്ധ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തി ജനകീയ കർമ്മപരിപാടിയായാണ് ക്യാമ്പയിൻ നടപ്പാക്കുന്നത്.
ബോധവത്കരണവും
പൊതുജനം ഉപയോഗിക്കുന്ന മുഴുവൻ കുളങ്ങളിലും ജലസ്രോതസുകളിലും ശുചീകരണം, മാലിന്യം എത്തുന്ന വഴികൾ അടയ്ക്കൽ, പൊതു ജലസ്രോതസുകളിലെ ജലശുദ്ധി ഉറപ്പാക്കാനുള്ള ബോധവത്കരണം തുടങ്ങിയവ നടത്തിവരുന്നുണ്ട്.
ക്ലോറിനേറ്റ് ചെയ്ത കിണറുകൾ
ആകെ: 483221
സ്വകാര്യ കിണറുകൾ: 478737
പൊതുകിണറുകൾ: 2019
പൊതുസ്ഥാപന കിണറുകൾ: 2465
പൊതുസ്ഥാപനങ്ങളിൽ ശുചീകരിച്ച ടാങ്കുകൾ: 3300
സംസ്ഥാന വ്യാപകമായി ക്യാമ്പയിൻ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി ജില്ലയിൽ ജലസ്രോതസുകളുടെ ക്ലോറിനേഷൻ പുരോഗമിക്കുന്നു.
എസ്.ഐസക്,
ജില്ലാ കോ ഓർഡിനേറ്റർ, ഹരിതകേരളം മിഷൻ