യുവദമ്പതികൾക്ക് തിരഞ്ഞെടുപ്പ് വീട്ടുകാര്യം

Saturday 15 November 2025 12:24 AM IST

കൊല്ലം: യുവദമ്പതികൾക്ക് വീട്ടുകാര്യം പോലെയാണ് തിരഞ്ഞെടുപ്പും. കേരളപുരം വെള്ളിമൺ ശ്രീരംഗം വീട്ടിൽ വൈശാഖ് ദേവരാജും ഭാര്യ എസ്.ശ്രുതിയുമാണ് ബി.ജെ.പി ടിക്കറ്റിൽ അങ്കത്തിനൊരുങ്ങുന്നത്. പെരുമൺ പഞ്ചായത്തിലെ 10-ാം വാർഡിൽ വൈശാഖും 21-ാം വാർഡിൽ ശ്രുതിയും മത്സരിക്കും.

മത്സരരംഗത്ത് ശ്രുതിയുടെ രണ്ടാം ഊഴമാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ചെറുമൂട് ഐ.ടി.ഐ വാർഡിൽ നിന്ന് വിജയിച്ച അനുഭവസമ്പത്തുമായാണ് വീണ്ടുമെത്തുന്നത്.

ബി.ജെ.പി പെരിനാട് പഞ്ചായത്ത് സമിതി വൈസ് പ്രസിഡന്റായ വൈശാഖ് മത്സരരംഗത്ത് ആദ്യമാണ്.

പ്രസവം കഴിഞ്ഞുള്ള വിശ്രമത്തിലായതിനാൽ പ്രചാരണ രംഗത്ത് ശ്രുതി സജീവമായിട്ടില്ല. വികസന പദ്ധതികളുടെ തുടർച്ചയാണ് ലക്ഷ്യമെന്നും നല്ല പ്രതികരണമാണ് വോട്ടർമാരിൽ നിന്ന് ലഭിക്കുന്നതെന്നും ശ്രുതി പറയുന്നു. തങ്കശേരി കർമ്മലറാണി കോളേജിലെ ബി.എഡ് പഠനമാണ് ശ്രുതിക്ക് രാഷ്ട്രീയ ജീവിതത്തിലേക്കുള്ള ചവിട്ടുപടിയായത്. വൈശാഖ് ചെറുപ്പം മുതൽ പാർട്ടി പ്രവത്തകനാണ്. നാല് മാസം പ്രായമുള്ള രുദ്രാക്ഷാണ് ഏകമകൻ.