പഠിക്കേണ്ട, സർട്ടിഫിക്കറ്റ് റെഡി, തട്ടിപ്പുവീരൻ അഫ്സൽ പിടിയിൽ
കൊല്ലം: വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കടയ്ക്കൽ കുമ്മിൾ മുല്ലക്കര നിസാമുദ്ദീൻ മൻസിലിൽ അഫ്സലിനെയാണ് (28) കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അഫ്സലിന്റെ വീട്ടിൽ റെയ്ഡ് നടത്തി വിവിധ യൂണിവേഴ്സിറ്റികളുടെ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, കൺസേൺ ലെറ്ററുകൾ എന്നിവ പിടിച്ചെടുത്തു.
ഇന്ത്യയിലും വിദേശത്തും ഉപരിപഠന സൗകര്യം ഒരുക്കാമെന്ന് പറഞ്ഞും പലരിൽ നിന്നും വൻ തുകകൾ കൈപ്പറ്റിയതായാണ് പരാതികൾ എത്തുന്നത്. സി.ഐ സുബിൻ തങ്കച്ചന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ടി.ഷിജു, ബിജുകുമാർ, ഉദയകുമാർ, എ.എസ്.ഐ സജീവ് ഖാൻ, സി.പി.ഒമാരായ ഷിറാസ്, സജിൻ, വിഷ്ണു, വൃന്ദാവൻ, ദിവ്യ മോഹൻ, വൃന്ദ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ജോലിക്കും ഉപരി പഠനത്തിനും
ഒറിജിനലിനെ വെല്ലുന്ന സർട്ടിഫിക്കറ്റുകൾ
വിദേശ ജോലികൾക്ക് ശ്രമിക്കുന്നവർക്കായി തയ്യാറാക്കിത്തുടങ്ങി
ഡിമാൻഡ് വർദ്ധിച്ചതോടെ ഉപരി പഠനത്തിന് ഉതകുന്ന സർട്ടിഫിക്കറ്റുകളും തയ്യാറാക്കി
ഇതിനായി മാർക്ക് ഷീറ്റ്, ടി.സി എന്നിവയടക്കമാണ് നൽകിവന്നത്
പതിനായിരങ്ങളാണ് ഓരോ സർട്ടിഫിക്കറ്റിനും വാങ്ങിയിരുന്നത്
കോഴ്സ് ഫീസ് എന്ന നിലയിൽ യൂണിവേഴ്സിറ്റികളിൽ അടയ്ക്കണമെന്ന് പറഞ്ഞാണ് വലിയ തുക കൈപ്പറ്റുന്നത്
ഡിപ്ളോമ, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ അടക്കമുള്ള നൽകും
പഠിക്കേണ്ട, പണം മതി
കോളേജിലോ മറ്റ് പഠനകേന്ദ്രങ്ങളിലോ പഠിക്കേണ്ടതില്ല, അഫ്സൽ വഴി കോളേജുകളിൽ അഡ്മിഷൻ തരപ്പെടും. നിശ്ചിത കാലാവധി കഴിഞ്ഞാൽ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും ടി.സിയും ലഭിക്കും. പഠിതാവിന് മറ്റ് ജോലികൾക്ക് പോവുകയും ചെയ്യാം. ഈ സംവിധാനത്തിലൂടെ നിരവധിപേരിൽ നിന്ന് അഫ്സൽ പണം വാങ്ങിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. പരീക്ഷകൾക്ക് മറ്റ് ആളുകളെ വച്ച് പരീക്ഷ എഴുതിക്കുന്നതിന് അധികം ഫീസും വാങ്ങിയിരുന്നു. എന്നാൽ യൂണിവേഴ്സിറ്റികളുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നില്ല. ഐഡന്റിറ്റി കാർഡ് ഉൾപ്പടെ എല്ലാം വീട്ടിലിരുന്ന് തയ്യാറാക്കി നൽകുകയാണുണ്ടായിരുന്നത്.