മാരാർജി ഭവനിലും ആഘോഷം

Saturday 15 November 2025 1:17 AM IST

തിരുവനന്തപുരം: ബീഹാർ തിരഞ്ഞെടുപ്പിലെ എൻ.ഡി.എയുടെ വിജയം ബി.ജെ.പി സംസ്ഥാന അസ്ഥാനമായ മാരാർജി ഭവനിലും നേതാക്കളും പ്രവർത്തകരും ആഘോഷിച്ചു. ഫലം പുറത്തു വന്നതോടെ തിരുവനന്തപുരത്തെ നേതാക്കൾ മാരാർജി ഭവനിലെത്തി. സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശഖർ, മുൻ സംസ്ഥാന അദ്ധ്യക്ഷന്മാരായ കുമ്മനം രാജശേഖരൻ, വി.മുരളീധരൻ, പി.കെ.കൃഷ്ണദാസ്, കെ.സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി, വൈസ് പ്രസിഡന്റ് ആർ.ശ്രീലേഖ, ഡോ.അബ്ദുൾ സലാം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. രാജീവ് ചന്ദ്രശഖർ എല്ലാ നേതാക്കൾക്കും മധുരം നൽകി. രാജ്യം മുഴുവൻ മാറുകയാണെന്നും ഇനി കേരളത്തിന്റെ ഊഴമാണെന്നും രാജീവ് ചന്ദ്രശഖർ പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കാലം അവസാനിച്ചെന്നും, പ്രവർത്തന മികവിലൂന്നിയ രാഷ്ട്രീയത്തിന്റെ പുതിയ യുഗം വരവായെന്നും അദ്ദേഹം പറഞ്ഞു.