ശബരിമല സ്വർണക്കവർച്ച; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും. മുൻ പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ വാസുവിന്റെ അറസ്റ്റിന് പിന്നാലെയാണ് എസ്‌എടി അന്വേഷണം പത്മകുമാറിലേക്ക് നീണ്ടത്. അറസ്റ്റും ഉടനുണ്ടായേക്കും. ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയെ അറസ്റ്റ് ചെയ്യുന്നത് ചൊവ്വാഴ്ച വരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനയ്ക്കുളള സാമ്പിളുകൾ അന്വേഷണ സംഘം മറ്റന്നാൾ ഉച്ചക്ക് ശേഷം ശേഖരിക്കും.
അതേസമയം, സ്വർണക്കൊളള വിവാദം തുടരുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും. പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറും അംഗമായി മുൻ മന്ത്രി കെ രാജുവും രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും. രണ്ട് വർഷത്തേക്കാണ് കാലാവധി. പ്രസിഡന്റായിരുന്ന പിഎസ് പ്രശാന്തും അംഗം എ അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. വിവാദങ്ങൾക്കിടെ യാത്രയയപ്പ് സമ്മേളനവും ഒഴിവാക്കി.