സ്വർണത്തിൽ ഇതുവരെ കാണാത്ത ഇടിവ്; പവന് കുറഞ്ഞത് 1440 രൂപ, പ്രതീക്ഷയോടെ ആഭരണപ്രേമികൾ

Saturday 15 November 2025 10:28 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻഇടിവ്. പവന് 1,440 രൂപ കുറഞ്ഞ് 91,720 രൂപയും ഗ്രാമിന് 180 രൂപ കുറഞ്ഞ് 11,465 രൂപയുമായി. ഇന്നലെയും പവൻ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. സ്വർണവിലയിൽ ഇന്നുണ്ടായ ഇടിവ് ആഭരണം വാങ്ങാൻ കാത്തിരുന്നവർക്ക് ശുഭപ്രതീക്ഷയാണ് നൽകുന്നത്. ഈ മാസത്തെ ഇതുവരെയുളള ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് നവംബർ 13നായിരുന്നു. അന്ന് പവന് 94,320 രൂപയും ഗ്രാമിന് 11,790 രൂപയുമായിരുന്നു. ചരിത്രത്തിലെ തന്നെ ഏ​റ്റവും ഉയർന്ന സ്വർണനിരക്കായിരുന്നു അത്. ഈ മാസത്തെ ഇതുവരെയുളള ഏ​റ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് നവംബർ അഞ്ചിനായിരുന്നു. അന്ന് പവന് 89,080 രൂപയും ഗ്രാമിന് 11,135 രൂപയുമായിരുന്നു.

ആഗോള രാഷ്ട്രീയ, സാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങൾ ഒഴിയുന്നത് സ്വർണത്തിൽ നിക്ഷേപിക്കുന്നതിൽ നിന്ന് ആളുകളെ പിന്നോട്ടുവലിക്കുകയാണെന്നാണ് വില കുറയാനുള്ള ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത്. നിക്ഷേപകർ ലാഭമെടുക്കാനായി വില്പന സമ്മർദ്ദം സൃഷ്ടിക്കുന്നതാണെന്നും ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. അതേസമയം, ഈ വിലയിടിവ് താത്ക്കാലികമാണെന്നും വില വീണ്ടും ഉയരാനാണ് സാദ്ധ്യതയെന്നും പറയുന്നു.

പുതിയ സാഹചര്യത്തിൽ ആഭരണങ്ങളായും നാണയങ്ങളായും വാങ്ങുന്നതിന് പകരം ഉപഭോക്താക്കൾ ഡിജിറ്റൽ സ്വർണമാണ് വാങ്ങുന്നത്. എക്സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ, ഗോൾഡ് ഫണ്ട്സ് ഒഫ് ഫണ്ട്സ് എന്നിവയിലേക്കാണ് പ്രധാനമായും നിക്ഷേപം ഒഴുകിയെത്തുന്നത്. ശുദ്ധത, സുരക്ഷിതത്വം, പണിക്കൂലി എന്നിവയെ കുറിച്ച് ആശങ്കയില്ലാതെ നിക്ഷേപകർക്ക് സ്വർണം വാങ്ങാമെന്നതാണ് പ്രധാന ആകർഷണം.

അതേസമയം,​ സംസ്ഥാനത്തെ വെളളിവിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 175 രൂപയും കിലോഗ്രാമിന് 1,​75,​000 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 183 രൂപയും കിലോഗ്രാമിന് 1,​83,​000 രൂപയുമായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.