നെടുമങ്ങാട് ഗ്യാസ് ലോറി മറി‌‌‌ഞ്ഞ് അപകടം; വാഹനഗതാഗതം നിരോധിച്ചു

Saturday 15 November 2025 1:51 PM IST

തിരുവനന്തപുരം: നെടുമങ്ങാട് ഗ്യാസ് ലോറി മറിഞ്ഞ് അപകടം. സിഎൻജി കൊണ്ടുപോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ലോറിയിൽ ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ക്യാബിൻ വേർപെട്ട് റോഡിലേക്ക് മറിയുകയായിരുന്നു. വാതക ചോർച്ച ഉണ്ടായതിനെ തുടർന്ന് പ്രദേശത്തെ വാഹനഗതാഗതം ഫയ‌ർഫോഴ്സ് നിരോധിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തിരുവനന്തപുരം തെങ്കാശി സംസ്ഥാന പാതയിലെ മഞ്ഞക്കൂട്ട് മൂല വളവിലാണ് അപകടം ഉണ്ടായത്.

35 ഗ്യാസ് സിലിണ്ടറുകളാണ് ക്യാബിനിലുണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണത്തിൽ നിലവിൽ ചോർച്ചയുണ്ട്. നെടുമങ്ങാട്, വിതുര ഫയ‌ർ ഫോഴ്സുകൾ സ്ഥലത്തെത്തി പ്രദേശത്തെ വാഹനഗതാഗതം പൂ‌ർണമായും നിരോധിച്ചു. നിലവിൽ ഗ്യാസ് സിലിണ്ടറിൽ നിന്നുള്ള ചോർച്ച തടയാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കൂടാതെ പ്രദേശത്ത് 50 മീറ്റർ ചുറ്റളവിൽ നില്ക്കുന്ന ആളുകളെ മാറ്റുകയും ചെയ്തു. കിടപ്പ് രോഗികളെയടക്കം പ്രദേശത്ത് നിന്ന് മാറ്റി. ഒരു മണിക്കൂറിനുള്ളിൽ വാതക ചോർച്ച പൂ‌ർണമായും അടയ്ക്കാൻ സാധിക്കുമെന്നാണ് അഗ്നിരക്ഷാസേന പറയുന്നത്.