പ്രോട്ടീസ് ബൗളിംഗ് ആക്രമണത്തിൽ 189ന് ഓൾഔട്ട്, തിരിച്ചടിച്ച് ഇന്ത്യൻ ബൗളിംഗ് നിര

Saturday 15 November 2025 4:00 PM IST

കൊൽക്കത്ത: ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 189ന് ഓൾഔട്ട്. മറുപ‌‌ടി ബാറ്റിംഗിനിറങ്ങിയ പ്രോട്ടീസ് നിരയെ അതേ നാണയത്തിൽ തിരിച്ചടിച്ച് തകർക്കുകയാണ് ലക്ഷ്യം. 31 ഓവറിൽ ദക്ഷിണാഫ്രിക്കയുടെ പകുതിയിലേറെ വിക്കറ്റും നഷ്ടമായി. റയാൻ റിക്കൽടൺ (11) ,ഐഡൻ മാർക്രം (4),വിയാൻ മൾഡർ (11), ടോണി ഡി സോർസി (2), ട്രിസ്റ്റൻ സ്റ്റബ്സ് (5), കൈൽ വെറിൻ (9), മാർക്കോ യാൻസൻ (12) എന്നിവരാണ് പുറത്തായത്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ സൗത്ത് ആഫ്രിക്ക 35 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 93 റൺസെന്ന നിലയിലാണ്. 78 പന്തുകളിൽ 29 റൺസുമായി പ്രോട്ടീസ് ക്യാപ്ടൻ ടെംബ ബവുമയും വാലറ്റത്തുള്ള കോർബിൻ ബോഷുമാണ് (1)​ ക്രീസിലുള്ളത്.

രവീന്ദ്ര ജഡേജ നാലും കുൽദീപ് യാദവ് രണ്ടും അക്ഷർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി. രണ്ടാം ഇന്നിംഗിസിൽ വൈസ് ക്യാപ്ടൻ ഋഷഭ് പന്തിന്റെ തന്ത്രപരമായ നീക്കങ്ങളാണ് സൗത്ത് ആഫ്രിക്കയുടെ ബാറ്റിംഗ് തകർച്ചയ്ക്ക് വഴി തുറന്നത്. ബാറ്റിംഗിനിടെ പരിക്കേറ്റ ശുഭ്മാൻ ഗില്ലിന് പകരം ടീമിനെ നയിച്ചത് പന്താണ്, രണ്ടാം ഓവർ മുതൽ തന്നെ സ്പിന്നർമാരെ ഉപയോഗിച്ചായിരുന്നു ഇന്ത്യൻ ആക്രമണം.

ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയുടെ സ്കോറായ 159നേക്കാൾ 30 റൺസിന്റെ നേരിയ ലീഡ് നേടാനാണ് ഇന്ത്യക്ക് കഴിഞ്ഞത്. ദക്ഷിണാഫ്രിക്കൻ സ്പിന്നർ സൈമൺ ഹാർമർ ഇന്ത്യയുടെ ബാറ്റിംഗ് നിരയെ തകർത്തു. 30 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ഇന്നിംഗ്സിന് തിരശ്ശീലയിടുകയായിരുന്നു,​ ബാറ്റിംഗിനിടെ കഴുത്തിന് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് നായകൻ ശുഭ്മാൻ ഗിൽ കളിക്കളം വിട്ടതും ടീമിന് തിരിച്ചടിയായി. 39 റൺസെടുത്ത കെഎൽ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറ‌ർ.

ദക്ഷിണാഫ്രിക്കയുടെ സിമോൺ ഹാർമർ നാലും മാർകോ യാൻസൺ മൂന്നും വിക്കറ്റ് വീഴ്ത്തി. നേരത്തെ, ഒന്നാം ദിനം ജസ്പ്രീത് ബുംറയുടെ തകർപ്പൻ ബൗളിംഗാണ് ദക്ഷിണാഫ്രിക്കയെ 159 റൺസിൽ ഒതുക്കിയത്. പരമ്പരയിൽ സ്പിൻ ബൗളിംഗിനാണ് ഇന്ത്യ പ്രാധാന്യം നൽകിയതെങ്കിലും ബുംറ 27 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത് അവിശ്വസനീയമായ പ്രകടനമാണ് കാഴ്ചവച്ചത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എന്ന നിലയിലായിരുന്നു രണ്ടാം ദിനം ഇന്ത്യ ബാറ്റിംഗിന് ഇറങ്ങിയത്. മാർക്കോ യാൻസന്റെ പന്തിൽ യശ്വസി ജയ്സ്വാളിന്റെ വിക്കറ്റാണ് ആദ്യം ഇന്ത്യയക്ക് നഷ്ടമായത്. കെ.എൽ രാഹുലും (13) വാഷിംഗ്ടൺ സുന്ദറുമായിരുന്നു (6) രണ്ടാം ദിനം ഇന്ത്യയുടെ ഇന്നിംഗ്‌സ് പുനരാരംഭിച്ചത്. വിക്കറ്റ് നഷ്ടമില്ലാതെ കളി തുടങ്ങിയ ഇന്ത്യക്ക് പിന്നീട് പെട്ടെന്ന് വിക്കറ്റുകൾ നഷ്ടമാവുകയായിരുന്നു.

എന്നാൽ ഇന്ന് വാഷിംഗ്ടൺ സുന്ദറാണ് (29) ഹാർമറിന്റെ പന്തിൽ ​ പ്രോട്ടീസ് ആദ്യം കൂടാരത്തിലേക്ക് അയച്ചത്. ഒരു സിക്സും രണ്ട് ഫോറും ഉൾപ്പെടുന്നതായിരുന്നു സുന്ദറിന്റെ ഇന്നിംഗ്സ്. കെഎൽ രാഹുലിനൊപ്പം 57 റൺസാണ് വാഷിംഗ്ടൺ സുന്ദ‌ർ കൂട്ടിച്ചേർത്തത്. അതിനു ശേഷം ക്രീസിലെത്തിയ നായകൻ ഗിൽ ബൗണ്ടറി പായിച്ചെങ്കിലും കഴുത്തിന് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹം മടങ്ങുകയായിരുന്നു.

തുടർന്ന്, റിഷഭ് പന്ത് ക്രീസിലെത്തി വേഗത്തിൽ റൺസ് ഉയർത്തിയെങ്കിലും (27), ഇതിനിടെ രാഹുലിന്റെ വിക്കറ്റ് നഷ്ടപ്പെട്ടത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. 119 പന്തുകൾ നേരിട്ട് ഒരു സിക്സും നാല് ഫോറുകളും ഉൾപ്പെടെ സ്കോർ ചെയ്ത ശേഷമാണ് രാഹുൽ മടങ്ങിയത്. വൈകാതെ, ഏകദിന ശൈലിയിൽ ബാറ്റു വീശിയ പന്തും (24 പന്തുകളിൽ രണ്ട് സിക്സും ഫോറുമുൾപ്പെടെ) കോർബിൻ ബോഷിന് വിക്കറ്റ് നൽകി മടങ്ങി.

അതിന് പിന്നാലെ രവീന്ദ്ര ജഡേജയും ധ്രുവ് ജുറേലും വിക്കറ്റുകൾ നഷ്ടമില്ലാതെ കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ കളി മുന്നോട്ട് കൊണ്ടുപോയെങ്കിലും രണ്ടാം സെഷൻ തുടങ്ങിയപ്പോഴേക്കും ജുറേലിന്റെ (14) ചെറുത്തുനിൽപ്പ് അവസാനിച്ചു. സൈമൺ ഹാർമറിന് ക്യാച്ച് നൽകിയാണ് ജുറേൽ പുറത്തായത്. ഒട്ടും താമസിയാതെ ജഡേജയും പുറത്തായി. പിന്നാലെ ക്രീസിൽ എത്തിയ അക്സ‌ർ പട്ടേൽ (16),​ കുൽദീപ് യാദവ് (1),​ ജാസ്‌പ്രിറ്റ് ബുംറ (1),​ മുഹമ്മദ് സിറാജ് (1) എന്നിവർക്കും ദക്ഷിണാഫ്രിക്കൻ ബൗളിംഗ് ആക്രമണത്തിൽ പിടിച്ച് നില്ക്കാൻ കഴിയാതെ പുറത്താകുകയായിരുന്നു.