എടവനക്കാട് കോൺഗ്രസിൽ ഭിന്നത രൂക്ഷം
വൈപ്പിൻ: ഗ്രാമപഞ്ചായത്തിലേക്കുള്ള സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി എടവനക്കാട് കോൺഗ്രസിൽ ഭിന്നത രൂക്ഷമായി. 30 ഓളം നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവയ്ക്കാൻ തീരുമാനിച്ച് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റിന് കത്ത് നൽകി. ബ്ലോക്ക് വൈസ് പ്രസിഡന്റും സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ടി.എ. ജോസഫ്, മൂന്നാം വാർഡ് മെമ്പർ നെഷീദ ഫൈസൽ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അശ്വതി ഗോകുലൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയരാജ്, ബ്ലോക്ക് ജനറൽ സെക്രട്ടറി പി.ബി. ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. പി.എൻ. തങ്കരാജ്, ഗ്രാമപഞ്ചായത്ത് അംഗം ബിനോയ്, ബ്ലോക്ക് സെക്രട്ടറി കെ.എം. സജ്ജാദ് തുടങ്ങി 30 പേരാണ് ബ്ലോക്ക് പ്രസിഡന്റ് എ.ജി. സഹദേവന് കത്ത് നൽകിയത്.
കോൺഗ്രസ് സ്ഥാനാർത്ഥികളായി പ്രഖ്യാപിക്കപ്പെട്ടവരിൽ നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽസലാം, വൈസ് പ്രസിഡന്റ് കെ.യു. ഇക്ബാൽ, മെമ്പർ ബിസ്നി പ്രദീഷ് കുമാർ എന്നിവർ മാത്രമാണ് നിലവിലെ ഭരണസമിതിയിലുള്ളവർ. പ്രസിഡന്റും വൈസ് പ്രസിഡന്റുമായി ഭരണം നടത്തിയിട്ടുള്ള ഇക്ബാലിന് വീണ്ടും പ്രസിഡന്റ് ആകാൻ പാകത്തിലുള്ളവരെ മാത്രമാണ് സ്ഥാനാർത്ഥികളാക്കിയതെന്നാണ് ഇടഞ്ഞുനിൽക്കുന്നവർ ആരോപിക്കുന്നത്. യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ കൂടിയാണ് ഇക്ബാൽ.
നിശ്ചയിക്കപ്പെട്ട സ്ഥാനാർത്ഥികളെ മാറ്റി തങ്ങൾക്ക് കൂടി സ്വീകാര്യരായവരെ സ്ഥാനാർത്ഥികളാക്കിയില്ലെങ്കിൽ പഞ്ചായത്തിലെ 16 വാർഡുകളിലും സ്വന്തം നിലയിൽ മത്സരിക്കാനാണ് ഇടഞ്ഞുനിൽക്കുന്നവർ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഇന്ന് വൈകിട്ട് സഹകരണ ബാങ്ക് ഹാളിൽ കൺവെൻഷൻ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ഇതിനിടെ ഒരു പാർട്ടിയുമായും ബന്ധമില്ലാതെ സ്വന്തം നിലയ്ക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്ന സി.ആർ.ഇസെഡ് സമര സമിതി ഇന്ന് വൈകിട്ട് യോഗം കൂടി സ്ഥാനാർത്ഥികളെ തീരുമാനിക്കും. നാലോ അഞ്ചോ വാർഡുകളിലായിരിക്കും മത്സരിക്കുക.